മാസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ സർപ്രൈസുകൾക്കപ്പുറത്തേക്ക് പി വി അൻവർ എംഎൽഎ ഒടുവിൽ തന്റെ രാഷ്ട്രീയ അഭയം കണ്ടെത്തിയിരിക്കുന്നു. യുഡിഎഫിലേക്ക് അൻവർ പ്രവേശിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇടയിലാണ് അൻവർ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുന്നത്. അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശനം ഒന്നിലേറെ ലക്ഷ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ്. ബംഗാളിനെ അടക്കിവാഴുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഇന്ത്യ മുന്നണിയുടെ മുഖമാണ്.
ഒരുപക്ഷേ കോൺഗ്രസിന് പോലും അപ്പുറത്തേക്ക് മമതയിലേക്ക് ഇന്ത്യ മുന്നണി കൊണ്ടുവന്ന് എത്തിക്കുവാൻ ശ്രമിക്കുന്നവരും ഏറെയാണ്. പശ്ചിമബംഗാൾ പോലൊരു സംസ്ഥാനത്ത് അധികാരത്തിന്റെ എല്ലാ ഇടനാഴികളിൽ നിന്നും സിപിഎമ്മിനെ തൂത്തെറിഞ്ഞ് പടിപടിയായി ഉയർച്ചകളിലേക്ക് കടന്നുവന്ന ആളാണ് മമതയും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും. ഒരുകാലത്ത് പശ്ചിമബംഗാളിന്റെ അധികാരം അടയ്ക്കുവാണിരുന്ന സിപിഎമ്മിന് ഒന്നുമല്ലാതെ ആക്കിയായിരുന്നു മമതയുടെ ആധികാരിക വിജയം. കേരളത്തിൽ പിവി അൻവറിന്റെ സ്വപ്നവും ഏറെക്കുറെ അതുതന്നെയാണ്. സിപിഎമ്മിന്റെ സമ്പൂർണ്ണമായ പതനം ഓരോ നിശ്വാസത്തിലും ആഗ്രഹിക്കുന്ന അതിനുവേണ്ടി നിലകൊള്ളുന്ന ആളാണ് പി വി അൻവർ.
അങ്ങനെ വരുമ്പോൾ മമതയുമായുള്ള വ്യക്തിബന്ധവും അവരുടെ പാർട്ടിയുമായുള്ള ബന്ധങ്ങളും അൻവറിന് ഗുണം ആകുമെന്ന് അദ്ദേഹം കരുതുന്നു. യുഡിഎഫിലേക്ക് എത്തുന്നതിന് പല വഴി ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടതേയില്ല. കോൺഗ്രസിലെയും മുസ്ലീംലീഗിലെയും ഒരു വിഭാഗം അൻവറിനെ പാർട്ടിയുടെ ഭാഗമാക്കണമെന്ന് ആവർത്തിച്ച് പറയുമ്പോഴും വിഭിന്നമായ അഭിപ്രായക്കാരും ഏറെയാണ്. അതുകൊണ്ടുതന്നെയാകും അൻവറിന്റെ യുഡിഎഫ് പ്രവേശനം നടക്കാതെ പോയതും. എന്നാൽ തൃണമൂൽ പ്രവേശനവും നേരിട്ടല്ലെങ്കിലും യുഡിഎഫിലേക്ക് ഉള്ള കുറുക്കുവഴി തന്നെയാണ്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് തൃണമൂൽ കോൺഗ്രസ്സും കേരളത്തിലുള്ള കോൺഗ്രസ്സും സിപിഎമ്മും സിപിഐയുമെല്ലാം. അവരിൽ ആർക്കൊപ്പം നിലകൊള്ളണമെന്ന് തീരുമാനമെടുക്കേണ്ടത് അൻവറാണ്.
ഇന്നത്തെ സാഹചര്യത്തിൽ അൻവർ എന്തായാലും ഇടതുപക്ഷത്തേക്ക് പോകുവാൻ ഒരു സാധ്യതയുമില്ല. അങ്ങനെ വരുമ്പോൾ യുഡിഎഫിലേക്കുള്ള എളുപ്പവഴിയായി തൃണമുൽ കോൺഗ്രസ് പ്രവേശനത്തെ നോക്കി കാണാവുന്നതാണ്. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. തൃണമൂലിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് വിവരം. മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലിക്കും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം. എന്നാൽ അൻവറിന്റെ എംഎൽഎ സ്ഥാനം സംബന്ധിച്ചാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്. സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. അതിനാൽ ഔദ്യോഗികമായി മെബർഷിപ്പ് എടുക്കാതെ തൃണമൂലിന്റെ ഭാഗമാകാനാകും സാധ്യത. ഇതിൽ പി വി അൻവർ നിയമോപദേശം തേടിയെന്നാണ് വിവരം.
മുമ്പ് ഡിഎംകെ രൂപീകരിച്ചപ്പോൾ രാഷ്ട്രീയപാർട്ടി അല്ലെന്നും മറിച്ച് പൊതുപ്രവർത്തനത്തിന് വേണ്ടിയുള്ള സന്നദ്ധ സംഘടനയാണെന്നും പറഞ്ഞായിരുന്നു അൻവർ അയോഗ്യ നടപടിയെ നേരിട്ടത്. എന്നാൽ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിന്റെ അജന്മ ശത്രുവാണ്. അതുകൊണ്ടുതന്നെ ഇത്തവണ സിപിഎം അങ്ങനെ വിട്ടുകൊടുക്കാൻ സാധ്യതയില്ല. ഒരുപക്ഷേ അധികം വൈകാതെ സ്പീക്കർ നോട്ടീസ് നൽകുന്നതിന് വരെ സാധ്യതകളുണ്ട്. ഇടത് സ്വതന്ത്രനായി ജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിശ്വസ്തനും ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്നണിക്ക് പുറത്തേക്ക് വഴി വെട്ടിയത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനെതിരേ ഭരണകക്ഷിയിലെ തന്നെ എം.എല്‍.എ. ആരോപണം ഉന്നയിച്ചതോടെ വലിയ പ്രധാന്യമാണ് ആരോപണങ്ങള്‍ക്ക് ലഭിച്ചത്. ശശിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടി പരസ്യപ്രതികരണം വിലക്കിയതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അന്‍വര്‍ സ്വയം പുറത്തേക്കുള്ള വഴി തുറന്നത്.
സിപിഎം സംസ്ഥാന സമ്മേളനങ്ങളിലേക്ക് കടക്കുന്ന ഘട്ടത്തിലെ അന്‍വറിന്റെ പടപ്പുറപ്പാടിന് പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടാവാമെന്നും വ്യാഖ്യാനിക്കപ്പെട്ടു. കണ്ണൂരിലെ മുതിര്‍ന്ന നേതാവിന്റെ പിന്തുണയുണ്ടെന്ന് അന്‍വര്‍ തന്നെ അവകാശപ്പെട്ടു. എന്നാല്‍ ഏതാനും പ്രാദേശിക നേതാക്കളെ മാറ്റിനിര്‍ത്തിയാല്‍ വലിയ നേതാക്കളെയൊന്നും ഒപ്പം കൂട്ടാന്‍ അന്‍വറിനായില്ല. പിണറായിയുമായി ഇടഞ്ഞ അന്‍വര്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ ഭാഗമാകാനായിരുന്നു ശ്രമിച്ചത് ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍, സിപിഎമ്മുമായി നല്ല ബന്ധത്തിലുള്ള സ്റ്റാലിന് പച്ചക്കൊടി കാട്ടിയില്ല. പിന്നാലെ തൃണമൂലുമായി ചര്‍ച്ച നടത്തി. ഇതിനിടയ്ക്ക് കോണ്‍ഗ്രസുമായും ലീഗുമായും അടക്കം ചര്‍ച്ച നടത്തിയെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഇത് നേതാക്കള്‍ തന്നെ നിഷേധിച്ചു. ഇതിന്റെയെല്ലാം പര്യവസാനമാണ് ഇപ്പോൾ കൊല്‍ക്കത്തയില്‍ ഉണ്ടായിരിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് യുഡിഎഫിലെ ഒരു പ്രമുഖ ഘടകകക്ഷി തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുന്നതിനുള്ള ശ്രമം നടത്തിയിരുന്നു. അന്ന് യുഡിഎഫിനും എൽഡിഎഫിനും ഒപ്പം നിൽക്കാതെ സ്വതന്ത്രമായി മുന്നോട്ടു പോകണമെന്ന മമതയുടെ പിടിവാശിക്ക് മുൻപിൽ ആ ശ്രമം വിഫലമാകുകയായിരുന്നു. ഇതേ നിബന്ധന അൻവറിനോടും പറഞ്ഞെങ്കിൽ അത് മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയിലെക്കാവും അൻവറിനെ കൊണ്ടുചെന്ന് എത്തിക്കുന്നത്. മമത കേരളത്തിലേക്ക് കൂടി വരുന്നതോടെ വലിയൊരു വിഭാഗം ആളുകളെ ഒപ്പം നിർത്തുവാൻ കഴിയുമെന്ന് അൻവർ വിശ്വസിക്കുന്നു. കേരളത്തിലെ മുഖ്യധാരാ പാർട്ടികളിൽ അമർഷമുള്ളവർ അൻവർ നൽകുന്ന തൃണമൂൽ കോൺഗ്രസിലേക്ക് എത്തുന്നതിനുള്ള സാധ്യതകളും തള്ളിക്കളയുവാൻ കഴിയില്ല. സംസ്ഥാനതലത്തിൽ തന്നെ പുതിയ പാർട്ടിയെ ശക്തിപ്പെടുത്തുവാൻ അൻവർ തീരുമാനിച്ചാൽ അതൊരു രാഷ്ട്രീയ വിജയമാകും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ പോലും ചൂണ്ടിക്കാട്ടുന്നത്.