വളരുംതോറും പിളരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ തന്നെ ഒരാളായ കെഎം മാണി പോലും പിന്നീട് ആ പാർട്ടി വിട്ട് പുറത്തേക്ക് പോയിട്ടുണ്ട്. ഇന്ന് കേരള കോൺഗ്രസിനെ നയിക്കുന്നത് പി ജെ ജോസഫ് ആണ്. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും ജോസഫിനെ രാഷ്ട്രീയ രംഗത്തുനിന്നും പിന്നോട്ട് വലിക്കുന്നുണ്ട്. ഒരുപക്ഷേ വിശ്രമ ജീവിതത്തിലേക്ക് പതിയെ കടക്കുകയാണ് കേരള കോൺഗ്രസിന്റെ ഇന്നിന്റെ നേതാവ് പിജെ ജോസഫ്.
ഇനി ആരാകും കേരള കോൺഗ്രസിനെ നയിക്കുകയെന്ന ചോദ്യശരങ്ങളാണ് എവിടെയും ഉയരുന്നത്. അതിനുള്ള ഉത്തരമായി അദ്ദേഹത്തിന്റെ തന്നെ മകൻ അപു ജോസഫിനെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഏറെക്കുറെ അത്തരം ഒരു രാഷ്ട്രീയ നേതാവിന്റെ പക്വതയിലേക്കും പ്രവർത്തന രീതിയിലേക്കും അപു ജോസഫ് മാറിയിരിക്കുന്നുവെന്ന് വേണം പറയുവാൻ.
താൻ മക്കൾരാഷ്ട്രീയത്തിന്റെ ഉൽപന്നമല്ലെന്നും പാർട്ടി സംവിധാനങ്ങൾ ഹൈടെക് ആക്കുകയാണു ലക്ഷ്യമെന്നും അപു ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ഏറെക്കുറെ അതുതന്നെയാണ് വാസ്തവവും. നിലവിൽ അപു കേരള കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ ആണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയ അപു 15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്സർലൻഡിലും ജോലി ചെയ്തിട്ടുണ്ട്.
കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം, സ്റ്റിയറിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയവും ഉണ്ട്. നിലവിൽ ഐടി ആൻഡ് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും യൂത്ത് ഫ്രണ്ടിന്റെ ചുമതലയുള്ള പാർട്ടി ഉന്നതാധികാര സമിതിയംഗവുമാണ്. അതിനു പുറമെയാണ് ഇപ്പോൾ സംസ്ഥാന കോർഡിനേറ്റർ സ്ഥാനവും വന്നുചേർന്നിരിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അപു തൊടുപുഴയിൽ സ്ഥാനാർത്ഥിയാകുമെന്ന നിലയിലുള്ള ചർച്ചകൾ നേരത്തെ മുതൽ സജീവമാണ്. ഈയൊരു സാഹചര്യത്തിലാണ് അപു കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക് കൂടി എത്തിയിരിക്കുന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ അപു മത്സരിക്കണമെന്ന ആവശ്യം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ഉയർന്നിരുന്നു.
അപു തിരുവമ്പാടിയിൽ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ വികാരമെന്നും മലബാറിലെ ജില്ലാ കമ്മിറ്റികൾ ഇക്കാര്യം ഒറ്റക്കെട്ടായി പിജെ ജോസഫിനോട് ആവശ്യപ്പെടുമെന്നും ഈ ഘട്ടത്തിൽ കേരള കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം നടത്തിയിരുന്നു. അന്ന് പി ജെ ജോസഫ് മകൻ മത്സരിക്കേണ്ടതില്ലെന്ന തീരുമാനമെടുക്കുകയായിരുന്നു. മോന്‍സ് ജോസഫാണ് നിലവില്‍ പാര്‍ട്ടിയിലെ രണ്ടാമന്. ഫ്രാന്‍സിസ് ജോര്‍ജ് മൂന്നാമനും. പിസി തോമസും ജോസഫിന്റെ ഭാഗമാണ്. ഇവര്‍ക്കൊപ്പമാണ് ജോസഫിന്റെ മകന് പാര്‍ട്ടിയില്‍ സജീവമാകുന്നത്.
കെ എം മാണിയുടെ മകന് ജോസ് കെ മാണി, ടി എം ജേക്കബിന്റെ മകന് അനൂപ് ജേക്കബ്, ബാലകൃഷ്ണപിള്ളയുടെ മകന് ഗണേഷ്കുമാര്,പി സി ജോര്‍ജിന്റെ മകന് ഷോന് ജോര്‍ജ്, കെ എം ജോര്‍ജിന്റെ മകന് ഫ്രാന്‍സിസ് ജോര്‍ജ് എന്നിങ്ങനെ മക്കള്‍ രാഷ്ട്രീയത്തിന്റെ നിരവധി ഉദാഹരണങ്ങളാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ളത്. ഇതിലേക്കാണ് അപുവും വരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരള കോണ്‍ഗ്രസ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് അപു ജോണ്‍ ജോസഫ് പ്രതികരിച്ചിരുന്നു. രണ്ടില ഇവിടെ വാടി പോയെന്നും ആ ചിഹ്നം ഇനി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോറിക്ഷ ജനകീയമായ ചിഹ്നമാണെന്നു തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പി. ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിൽ നേതൃത്വം നല്‍കിവരുന്നത് അപുവാണ്.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം നടത്തുന്ന പ്രക്ഷോഭങ്ങളിലും സജീവ ചർച്ചയാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു തെളിയിച്ചാല്‍ കേരള കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയം എന്ന പാരമ്പര്യത്തില്‍ തെറ്റില്ലെന്നാണ് അപുവിന്റെ പക്ഷം. ജോസഫ് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഇപ്പോള്‍ ജില്ല വിട്ടുള്ള പരിപാടികളില്‍ അധികം പങ്കെടുക്കാറില്ല. 30 വര്‍ഷത്തിലധികമായി താന്‍ എംഎല്‍എ ആയിരിക്കുന്ന തൊടുപുഴ തന്റെ മകനെ കൈവിടില്ലന്ന ഉത്തമ വിശ്വാസം ജോസഫിനുണ്ട്.
2001 ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മാത്രമാണ് തൊടുപുഴക്കാര്‍ ജോസഫിനെ കൈവിട്ടത്. മണ്ഡലത്തിലെ സഭാ വിശ്വാസികള്‍ക്ക് മാത്രമല്ല മറ്റു ഹൈന്ദവ സമൂഹത്തിനും ഇസ്ലാം വിശ്വാസികള്‍ക്കും ഇടയില്‍ തനിക്കുള്ള സ്വീകാര്യത മകന് അനുകൂലമാക്കി മാറ്റാമെന്നാണ് ജോസഫ് കണക്കുകൂട്ടുന്നത്. നിയമസഭാ തെരെഞ്ഞടുപ്പില്‍ മത്സരിപ്പിക്കുന്നത് മാത്രമല്ല പാര്‍ട്ടി ലീഡര്‍ ഷിപ്പും മകന് നല്‍കണമെന്ന ചിന്ത ജോസഫിന് ഉണ്ട്.
മകന്റെ കയ്യില്‍ പാര്‍ട്ടി നിയന്ത്രണം എത്തിയാല്‍ മധ്യ തിരുവിതാം കൂറില്‍ അടക്കം പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടം ഉണ്ടാക്കാമെന്നും കര്‍ഷക സമൂഹത്തെ ഒന്നാകെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാമെന്നും ജോസഫ് അടുത്ത അനുയായികളെ ധരിപ്പിച്ചതായാണ് വിവരം. സമീപകാലത്താണ് മോന്‍സ് ജോസഫ് -അപു കൂട്ടുകെട്ട് കേരളാ കോണ്‍ഗ്രസില്‍ രൂപപ്പെടുന്നത്. പിന്നാലെ കേരളാ കോണ്‍ഗ്രസിലെ നിര്‍ണായക തീരുമാനങ്ങളും എടുക്കുന്നത് ഇരുവരും ചേര്‍ന്നായിരുന്നു.
പല തീരുമാനങ്ങളും അണികളുടേയും നേതാക്കളുടെയും അതൃപ്തിക്കും കാരണമായി. അനാരോഗ്യം കാരണം പാര്‍ട്ടിക്കുള്ളില്‍ പി.ജെ. ജോസഫ് അപ്രസക്തനാവുകയും ചെയ്തു. ഇതിനിടെയാണ് നേതൃനിരയിലേക്ക് അപുവിനെ ഉയര്‍ത്തുന്നത്. ഏതായാലും കേരള കോൺഗ്രസിന്റെ സർവ്വാധിപതിയായി അപു ജോസഫ് എത്തുമ്പോൾ പാർട്ടി ഏതൊക്കെ തരത്തിൽ മുന്നേറും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.