തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സമരം ശക്തമാക്കാൻ ആശാവർക്കേഴ്സ് അസോസിയേഷൻ. സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ന് ആശാ വർക്കർമാരുടെ മഹാസംഗമം നടക്കും. മഹാസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും സമരപന്തലിൽ എത്തും. സമരത്തിലേക്ക് നയിച്ചത് ആരോഗ്യ മന്ത്രിയുടെ വീഴ്ചയെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമർശനമുയർന്നിരുന്നു. സമരം ആരംഭിച്ച് ഇന്നേക്ക് 27 ദിവസം പൂർത്തിയാവുകയാണ്. ആശാ വർക്കർമാരുടെ മഹാസംഗമത്തിന് പിന്തുണയറിയിച്ച് എഴുത്തുകാരി അരുന്ധതി റോയി, നടിമാരായ ദിവ്യപ്രഭ, കനി കുസൃതി, റിമാ കല്ലിങ്കൽ, എന്നിവർ നേരത്തെ രംഗത്തെത്തിയിരുന്നു.