വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ. യുഎസിന് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾ ബുധാനാഴ്ചയാണ് ട്രംപ് പ്രതികാരചുങ്കം ചുമത്തിയത്. തീരുവ പ്രഖ്യാപനത്തിൽ തായ്, ജപ്പാൻ സൂചികകളിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീരുവ പ്രഖ്യാപനത്തിൽ അമേരിക്കയ്ക്കും തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധമുയരുകയാണ്. കൂട്ട പിരിച്ചുവിടലും തീരുവ യുദ്ധവും അടക്കമുള്ള നയങ്ങൾ അമേരിക്കയെ തകർക്കുമെന്ന് സമരക്കാർ പറയുന്നു. ട്രംപ് ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നാണ് വിമർശനം.
അതേസമയം രോഗം വന്നാൽ ചികിത്സിക്കണമെന്നാണ് വിപണി തകർച്ചയിൽ ട്രംപിന്റെ പ്രതികരണം. വിപണി നഷ്ടങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നാണ് ട്രംപിൻ്റെ പ്രതികരണം. അമേരിക്കയെ ലോകം വിമർശിക്കുന്നത് ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.