മുംബൈ : വെടിയേറ്റ് കൊല്ലപ്പെട്ട സിദ്ദിഖി, സൽമാൻ ഖാനുമായി അടുത്ത ബന്ധമുള്ള ആളായതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന വിവരങ്ങള്‍ക്ക് പിന്നാലെ നടൻ സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്.
മുതിർന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നാലെ സൽമാന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
കൊടും കുറ്റവാളിയായ ലോറൻസ് ബിഷ്ണോയി നേരത്തെ തന്നെ സൽമാനുനേരെ വധ ഭീഷണി ഉയർത്തിയിരുന്നു. ബിഷ്ണോയി വിഭാഗക്കാർ പവിത്രമെന്നു കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ തുടർന്നാണ് അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയും സംഘവും സൽമാൻ ഖാനെതിരെ തിരിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പുണ്ടായിരുന്നു. വെടിവെപ്പിനു പിന്നിൽ ലോറൻസ് ബിഷ്ണോയും സംഘവുമാണെന്നാണ് വിവരം.