ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. നിലവിലെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 1.56 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതിന് പുറമെ 1267 ട്രാന്‍സ്ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത നേടിയിട്ടുണ്ട്. 13,766 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
ബിജെപിയും എഎപിയും പരസ്പരം കൊമ്പുകോർക്കുന്ന പ്രചാരണയുദ്ധത്തിനാണ് ഇത്തവണ ഡൽഹി സാക്ഷ്യം വഹിച്ചത്. എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെയുള്ള അഴിമതി ആരോപണമാണ് ബിജെപിയുടെ പ്രധാന ആയുധം. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ തങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എഎപി പ്രചാരണം നടത്തിയത്. ശക്തമായ വെല്ലുവിളി ഉയർത്തി കോൺഗ്രസും ഇത്തവണ മത്സര രംഗത്തുണ്ട്.