ന്യൂഡല്‍ഹി: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന അധികാരമേറ്റു. രാജ്നിവാസില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, ഇമ്രാന് ഹുസൈന്, മുകേഷ് അഹ്ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആഘോഷമാക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചിരുന്നു.
ഡല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാള് രാജി പ്രഖ്യാപിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ആംആദ്മി രാഷ്ട്രീയകാര്യ സമിതിയില്‍ കെജ്രിവാള് അതിഷിയുടെ പേര് നിര്‍ദേശിച്ചു. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ അതിഷിക്ക് പിന്തുണ നല്‍കിയിരുന്നു.