പാലക്കാട്: ആത്മകഥാ വിവാദത്തില്‍ തന്റെ നിലപാടിലുറച്ച് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ഇപി ജയരാജന്. മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്ന കാര്യങ്ങള്‍ താന്‍ എഴുതിയിട്ടില്ലെന്നും തന്റെ ആത്മകഥയുടെ രചന പൂര്‍ത്തിയായിട്ടില്ലെന്നും ഇപി പാലക്കാട് പറഞ്ഞു. ഇടതുസ്ഥാനാര്‍ത്ഥി പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു ഇപി ജയരാജന്.
ആത്മകഥ എഴുതുന്നതേയുള്ളു. അത് വൈകാതെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഡിസി ബുക്ക്സിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദം ഉണ്ടായത് ആസൂത്രിതമാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നിസാരമായി കാണുന്നില്ലെന്നും ഇപി പറഞ്ഞു.
പുസ്തകത്തിന്റെ പ്രസാധനം സംബന്ധിച്ച് ഡിസി ബുക്ക്സും മാതൃഭൂമി ബുക്ക്സും ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്ക് നല്‍കണം എന്നതില്‍ തീരുമാനമെടുത്തിട്ടില്ല. പ്രസിദ്ധീകരിക്കാന്‍ ഡിസിയുമായി ഒരു കരാറും ഇല്ലെന്നും അങ്ങനെയിരിക്കെ അത് പ്രസിദ്ധീകരിക്കാന്‍ എന്ത് അധികാരമെന്നും ഇ പി ചോദിച്ചു.
വഴിവിട്ട ചിലത് നടന്നിട്ടുണ്ട്, അത് അന്വേഷിക്കണം. ആത്മകഥ താന്‍ സ്വന്തമായിട്ടാണ് എഴുതുന്നത്, കൂലിക്ക് എഴുതിക്കുന്ന രീതിയില്ല. എഴുതുന്ന ഭാഗങ്ങള്‍ തിരുത്താന്‍ ഒരാളെ ഏല്‍പ്പിക്കാറുണ്ട്. അദ്ദേഹത്തോട് പരിശോധിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും ഇപി വ്യക്തമാക്കി.
പുസ്തകമോ ലേഖനമോ എഴുതുന്നതിന് ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടിയുടെ അനുവാദം വേണം. പുസ്തക രചന കഴിഞ്ഞാല്‍ പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങും. വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഇ പി കുറ്റപ്പെടുത്തി.