ശബരിമല സ്പോട്ട് ബുക്കിങ് വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവരെ അയ്യപ്പന് തിരിച്ചറിയുമെന്നാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചിരുന്നത്.
സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവര്‍ക്ക് പ്രതിപക്ഷ നേതാവ് ഇന്ധനം പകരരുതെന്നും പി എസ് പ്രശാന്ത് വിമര്‍ശിച്ചു. വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ടുപോകുമെന്നും ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെര്‍ച്വല്‍ ക്യൂ അട്ടിമറിച്ച് വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് രാഷ്ട്രീയ താല്പര്യമാണ്. താന്‍ വിശ്വാസിയായ ബോര്‍ഡ് പ്രസിഡന്റ് ആണ്. വിശ്വാസികള്‍ക്കൊപ്പം ദേവസ്വം ബോര്‍ഡ് നില്‍ക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട 14 തീരുമാനങ്ങളെടുത്തു. അതില്‍ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് മാത്രം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ് ചെയ്യുന്നത്. വിഷയത്തില്‍ ഇപ്പോഴുള്ള തീരുമാനം അവസാന വാക്കല്ല. ഉത്തരവാദിത്തത്തില്‍ നിന്ന് ദേവസ്വം ഒളിച്ചോടുന്നില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.