കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്.6 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്.
പാകിസ്ഥാൻ സൈന്യം സൈനിക നടപടികള്‍ ആരംഭിച്ചാല്‍ കൂടുതല്‍ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേ ട്രാക്കുകള്‍ സ്ഫോടനത്തില്‍ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിന് പിന്നാലെ ഇവർ ട്രെയിനിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടികളെയും സ്ത്രീകളെയും മോചിപ്പിച്ചുവെന്നാണ് വിവരം. 120 ഓളം പേർ ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ബലൂച് ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡാണ് ട്രെയിൻ തട്ടിയെടുത്തത്.
പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസില്‍ ഒമ്ബത് ബോഗികളിലായി 400 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ട്രെയിനിന് നേരെ വെടിവെപ്പ് നടന്നതായി റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് ബിഎല്‍എ പ്രസ്താവനയില്‍ പറയുന്നു. ബന്ദികളില്‍ പാകിസ്താൻ മിലിട്ടറി, ആന്റി ടെററിസം ഫോഴ്സ് (എടിഎഫ്), ഇന്റർ സർവീസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമുണ്ട്. ബിഎല്‍എയുടെ ഫിദായീൻ യൂണിറ്റായ മജീദ് ബ്രിഗേഡാണ് ട്രെയിൻ അട്ടിമറി നടത്തിയത്. ബിഎല്‍എയുടെ ഇന്റലിജൻസ് വിങ്ങായ സിറാബ്, ഫതേ സ്ക്വാഡ് എന്നിവയുടെ പിന്തുണ ആക്രമണത്തിന് ലഭിച്ചതായും പ്രസ്താവനയില്‍ പറയുന്നു.2000 മുതല്‍ അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിച്ചാണ് ഈ സായുധ സംഘടന പ്രവർത്തിക്കുന്നത്.