മുംബൈ : ന്യസിലന്റിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്കും ബാറ്റിംഗ് തകര്‍ച്ച. ന്യൂസിലന്റിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 235 നെതിരെ ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ്.
രോഹിത്(18), ജയ്സ്വാള്‍ (30), കോഹ്ലി (4), നൈറ്റ് വാച്ച്മാന് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ന്യൂസിലന്റിനായി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഒരു വിക്കറ്റിന് 78 എന്ന നിലയിലായിരുന്ന ഇന്ത്യ ആറ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് പ്രതിരോധത്തിലായിരിക്കുന്നത്. സ്കോര്‍ 25 ല്‍ നില്‍ക്കെ ആദ്യം മടങ്ങിയത് നായകന് രോഹിത്. പിന്നീട് ഗില്ലും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി മുന്നേറിയ ജയ്സ്വാളിനെ അജാസ് പട്ടേല്‍ ബൗള്‍ ചെയ്തു.
തുടര്‍ന്ന് നൈറ്റ് വാച്ച്മാനായെത്തിയ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. തൊട്ടടുത്ത ഓവറില്‍ കോഹ്ലി റണ്‍ ഔട്ടാവുക കൂടി ചെയ്തതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 31 റണ്‍സോടെ ഗില്ലും ഒരു റണ്ണുമായി പന്തുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റിനെ ഇന്ത്യ 235 റണ്‍സിന് പുറത്താക്കിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറുമാണ് സന്ദര്‍ശകരെ തകര്‍ത്തത്.