കാരക്കാസ്: ലബനിലെ പേജർ സ്ഫോടനങ്ങൾ ചൂണ്ടിക്കാട്ടി വരാനിരിക്കുന്ന ഉത്സവ നാളുകളിൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ. ക്രിസ്മസ് സമ്മാനമായി ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വീകരിക്കുന്നതിനെതിരെ പ്രസിഡന്റ് തന്റെ സർക്കാറിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച കാരക്കാസിൽ നടന്ന യോഗത്തിലാണ് മദൂറോയുടെ നിർദേശം.
‘ഇലക്ട്രോണിക് സമ്മാനങ്ങൾ സ്വീകരിക്കരുത്… ടെലഫോണുകളും സെൽഫോണുകളും സൂക്ഷിക്കുക. എല്ലാവരും ശ്രദ്ധിക്കണം’ -ദേശീയ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിനിടെ പ്രസിഡന്റ് പറഞ്ഞു. ലെബനാനിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരകൗശല വസ്തുക്കളും പുസ്തകങ്ങളും പരമ്പരാഗത വെനിസ്വേലൻ ഉൽപന്നങ്ങളായ കോഫി, റം എന്നിവയും ക്രിസ്തുമസ് സമ്മാനങ്ങളായി നൽകാമെന്നും മദൂറോ നിർദേശിച്ചു.
കഴിഞ്ഞയാഴ്ച ലെബനാനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 37 പേർ കൊല്ലപ്പെടുകയും 3,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലെബനാൻ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് നേതൃത്വം നൽകിയത് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമാണെന്ന് സംശയിക്കപ്പെടുന്നു.
ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചാണ് മദൂറോ വെനിസ്വേലയുടെ പ്രസിഡന്റായത്. നാഷനൽ ഇലക്ടറൽ കൗൺസിലിന്റെ കണക്കനുസരിച്ച് മദൂറോ 52ശതമാനം വോട്ട് നേടി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. മദൂറോയുടെ വിജയം അംഗീകരിക്കാൻ വിസമ്മതിച്ച യു.എസും യൂറോപ്യൻ യൂനിയനും മറ്റ് നിരവധി രാജ്യങ്ങളും പ്രതിപക്ഷ സ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലസിനെ പിന്തുണച്ചു.
മദൂറോയെ വധിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനുമുള്ള സി.ഐ.എ പിന്തുണയോടെയുള്ള ഗൂഢാലോചനയെ വെനിസ്വേലയുടെ സുരക്ഷാ വിഭാഗം പരാജയപ്പെടുത്തിയതായി ഈ മാസം ആദ്യം ആഭ്യന്തര മന്ത്രി അവകാശപ്പെട്ടിരുന്നു.