തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും കേരളത്തിൽ ബീവറേജസ് ഔട്ട്ലെറ്റുകളിൽ റെക്കോർഡ് സൃഷ്ടിച്ച് മദ്യവിൽപ്പന. ഡിസംബർ 24, 25 തീയതികളിലായി 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. അതിനേക്കാൾ 24.50 ശതമാനത്തിന്റെയും 29.92 കോടി രൂപയുടെ വിൽപ്പനയുടെയും വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഡിസംബർ 24ന് ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടി രൂപയുടെ മദ്യം വിറ്റഴിക്കുകയുണ്ടായി, അതേസമയം വെയർഹൗസുകളിലൂടെ 26.02 കോടി രൂപയുടെ മദ്യം കൂടി വിറ്റു. ഇതോടെ ആകെ വിൽപ്പന 97.42 കോടിയായി. 2023 ഡിസംബർ 24ന് 71 കോടി രൂപയുടെ വിൽപ്പനയായിരുന്നു. ഇത്തവണ 37.21 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.
മദ്യത്തിന്റെ വിലയിൽ ഉണ്ടായ വർധനവും ഉപഭോക്താക്കൾ കൂടുതൽ തുകയ്ക്കുള്ള മദ്യം വാങ്ങിയതുമാണ് വിൽപ്പനയിലെ ഉയർച്ചയ്ക്കുള്ള പ്രധാന കാരണങ്ങൾ. ഡിസംബർ 25ന് ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ 54.64 കോടി രൂപയുടെ മദ്യം വിറ്റഴിക്കപ്പെടുകയുണ്ടായി. 2023 ഡിസംബർ 25ന് ഇത് 51.14 കോടിയായിരുന്നു. 6.84 ശതമാനത്തിന്റെ വർധനയാണ് ഇത്തവണയുണ്ടായത്. .