കാലാകാലങ്ങളായി മുന്നണി ഏതാണെങ്കിലും പത്തനാപുരത്തെ എംഎൽഎ ഗണേഷ് കുമാർ തന്നെയാകറുണ്ട്. മണ്ഡലത്തിൽ ഉടനീളം അത്രത്തോളം ബന്ധങ്ങൾ ഗണേഷ് കുമാറിന് ഉണ്ട്. പത്തനാപുരം തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴൊക്കെ പാർട്ടിയും മുന്നണിയും നോക്കാതെ ഗണേഷ് കുമാർ എന്ന വ്യക്തിയെ നോക്കി മാത്രം വോട്ട് ചെയ്യുന്നവരാണ് പത്തനാപുരത്തെ ജനങ്ങൾ. പിതാവ് ആർ ബാലകൃഷ്ണപിള്ളയെ പോലെ അത്രത്തോളം സ്വീകാര്യത ഗണേശനും ആർജ്ജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പൊതുവേ കേരളത്തിൽ ഇനി തുടർഭരണത്തിന് സാധ്യതയില്ലെന്ന് എല്ലാവരും വിലയിരുത്തുമ്പോൾ വീണ്ടും മന്ത്രിയായി തുടരുന്നതിന് യുഡിഎഫ് പാളയത്തിലേക്ക് പോകുന്നതിനുള്ള ആലോചനകൾ ഗണേഷ് കുമാർ തുടങ്ങിയെന്നാണ് അറിയുവാൻ കഴിയുന്നത്.
യുഡിഎഫ് എടുക്കുമോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ. ഏറെക്കുറെ മുന്നണി വിടാൻ മാനസികമായി തയ്യാറെടുത്ത ഗണേഷ് കുമാറിന്റെ നീക്കങ്ങളെ സിപിഎം നേതൃത്വം ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ഗണേശൻ അത്തരത്തിൽ മുന്നണി മാറി യുഡിഎഫ് പാളയത്തിൽ സ്ഥാനാർത്ഥിയായാൽ നടനും സിപിഎമ്മുകാരനുമായ ഭീമൻ രഘുവിനെ അവതരിപ്പിക്കുവാനാണ് ഇടത് നേതൃത്വം ആലോചിക്കുന്നത്. ദീർഘകാലത്തോളം അദ്ദേഹം ബിജെപിക്കൊപ്പം ആയിരുന്നു. ഒരുതവണ പത്തനാപുരത്ത് തന്നെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. 2023 ജൂലൈയിലാണ് അദ്ദേഹം ബിജെപി വിട്ട് സിപിഎമ്മിലേക്ക് കയറുന്നത്. ചിന്തിക്കുന്നവർക്ക് ബിജെപിയിൽ നിൽക്കാനാകില്ലെന്നും കേരളത്തിൽ ബിജെപിയ്ക്ക് വളരാനാകില്ലെന്നും ഭീമൻ രഘു അന്ന് പറഞ്ഞിരുന്നു. സിപിഎമ്മിൽ വരാനുള്ള കാരണമെന്ന് പറയുന്നത് മൂന്ന് അടിസ്ഥാനപരമായ തീരുമാനങ്ങളുള്ള പാർട്ടിയാണെന്നതായിരുന്നു അന്നത്തെ ഭീമൻ രഘുവിന്റെ പ്രസ്താവന.
മൂന്നാമതും പിണറായി വിജയന്റെ സർക്കാർ വരുമെന്നും അതിന് യാതൊരു തർക്കവുമില്ലെന്നുമുള്ള ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മിൽ എന്റെ ചുമതല എന്താണെന്ന് അറിയില്ലെന്നും പിണറായി വിജയൻ എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവർത്തിക്കുന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചുമതല എന്താണെന്ന് പോലും അറിയാത്ത ഭീമൻ രഘുവിനെ തേടിയാണ് പത്തനാപുരത്തെ സ്ഥാനാർത്ഥിത്വം വരുവാൻ പോകുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റ് നിന്നത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾക്ക് വഴി വച്ചതായിരുന്നു. വേദിയിൽ എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് പിന്നീട് പറയുകയും ചെയ്തിരുന്നു. അച്ഛനോടുള്ള സ്നേഹം മുഖ്യമന്ത്രിയോട് തോന്നിയെന്ന് ഒരു പടിക്കുകൂടി അപ്പുറത്തേക്കും ഭീമൻ രഘു അന്ന് പറഞ്ഞു വച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നൽകിയാണ് ഭീമൻ രഘു കസേരയിലിരുന്നത്. സിപിഎമ്മിലേക്ക് അംഗത്വം സ്വീകരിച്ച ശേഷം അന്ന് താരം എകെജി സെന്റർ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന ഗാനവും ആലപിച്ചുകൊണ്ടായിരുന്നു.
ബിജെപി വിട്ട് സിപിഎമ്മിലെത്തിയശേഷം താനൊരു കടുത്ത ഇടതുപക്ഷ അനുഭാവിയാണെന്ന് ദിനംതോറും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഭീമൻ രഘു. ഭീമൻ രഘു പ്രധാന കഥാപാത്രമാവുന്ന ചിത്രമാണ് മിസ്റ്റർ ഹാക്കർ. ഈ ചിത്രത്തിന്റെ പ്രചാരണത്തിന് അദ്ദേഹമെത്തിയത് സിപിഎമ്മിന്റെ പാർട്ടി കൊടിയുമേന്തിയാണ്. ഇതും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിലുള്ള ട്രോളുകൾ നിറയുന്നതിന് വഴിയൊരുക്കി. മാത്രവുമല്ല കിട്ടുന്ന അവസരങ്ങൾ എല്ലാം ബിജെപിക്ക് ഇട്ട് രണ്ട് കൊട്ട് കൊടുക്കുവാനും ഭീമൻ രഘു ശ്രദ്ധിക്കാറുണ്ട്. ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നേതാവ് പോലും ഫോൺ എടുക്കാറില്ല. ഓഫീസിൽ പോയാലും ആരെയും കാണാറില്ല. പല സ്ഥലത്തും തന്നെ ഒഴിവാക്കിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാനസികമായുള്ള വെറുപ്പ് കൂടി വന്നുവെന്നും താരം പലയാവർത്തി പറയുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഗണേശനെ തറ പറ്റിക്കുവാനുള്ള സ്വീകാര്യതയൊന്നും ഭീമൻ രഘുവിന് പത്തനാപുരത്ത് കിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മുൻപ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത് കൊണ്ട് തന്നെ ഭീമൻ രഘുവിനെ പത്തനാപുരംകാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. എന്നാലും ആ പരിചയങ്ങളൊന്നും ഭീമൻ രഘുവിനോ സിപിഎമ്മിനോ ഗുണം ചെയ്യുകയില്ല. സിപിഎമ്മുകാർ പോലും ഭീമൻ രഘുവിന് വോട്ട് ചെയ്യുവാനുള്ള സാധ്യതകളും കുറവാണ്. തുടർച്ചയായി വിജയിക്കുന്ന ഗണേഷ് കുമാറിന് അടുത്ത തവണ ഒട്ടേറെ കടമ്പകൾ പുതുതായി വരുന്നുണ്ട്.
പ്രധാനമായും അദ്ദേഹത്തിനെതിരെ ഉയർന്നുവരുന്ന പല ആരോപണങ്ങളും പഴയ ജനകീയതയ്ക്ക് പ്രതികൂലമായി വരുന്നുണ്ട്. ഏറ്റവും ഒടുവിൽ കാരണവർ വധക്കേസിലെ പ്രതി ഷെറിൻ പുറത്തിറങ്ങിയതിന്റെയും പിന്നാമ്പുറങ്ങളിൽ ഗണേഷ് കുമാർ ആണെന്ന വർത്തമാനം പൊതുസമൂഹത്തിൽ ഉണ്ട്. യുഡിഎഫ് കോൺഗ്രസ് നേതാക്കൾക്ക് ആകട്ടെ ഗണേശനോട് കടുത്ത എതിർപ്പുമാണ്. മണ്ഡലത്തിൽ മത്സരിക്കുവാൻ കാത്തിരിക്കുന്ന ജ്യോതികുമാർ ചാമക്കാലയെ പോലുള്ളവർ ഗണേശനെതിരെ തുറന്ന യുദ്ധത്തിലും ആണ്. ഏറെക്കുറെ ജ്യോതികുമാർ ചാമക്കാലയെ സ്ഥാനാർത്ഥിയായി കണ്ടുതന്നെയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതും. അത്തരമൊരു സാഹചര്യത്തിൽ ഗണേശനെ എങ്ങാനും സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസ് വോട്ടുകൾ മറ്റ് സ്ഥാനാർത്ഥികളിലേക്ക് എത്തുമെന്ന് കോൺഗ്രസ് നേതൃത്വത്തിനും അറിയാം. അതുകൊണ്ടുതന്നെ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഗണേശന്റെ കാര്യത്തിൽ അന്തിമ തീരുമാനം യുഡിഎഫ് എടുക്കുകയുള്ളൂ. ഗണേശനെ തോൽപ്പിക്കുന്നതിന് എല്ലാവരും സംഘടിച്ച് ഭീമൻ രഘുവിന് വോട്ട് ചെയ്തെങ്കിൽ മാത്രമേ ഗണേശന് പത്തനാപുരത്ത് തോൽവി ഉണ്ടാകൂ.