കഴിഞ്ഞ രണ്ടു തവണയായി ചലച്ചിത്ര താരവും സിപിഎം നേതാവുമായ എം മുകേഷ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൊല്ലം നിയോജകമണ്ഡലം. സിപിഎമ്മിന് കൃത്യമായ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലത്തിൽ കാലങ്ങളായി ഇടതു സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചു കയറുന്നത്. മുകേഷിന്റെ അവസാന വിജയത്തിലൂടെ തുടർച്ചയായി നാലം വട്ടവും മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ 2072 വോട്ടിനാണ് മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷിന് 58524 വോട്ടും ബിന്ദുകൃഷ്ണയ്ക്ക് 56452 വോട്ടും ലഭിച്ചു. ബിജെപിയുടെ എം. സുനിലിന് 14252 വോട്ടാണ് ലഭിച്ചത്. ജില്ലയിലെ പാർട്ടിയിൽനിന്നുള്ള എതിർപ്പുകളെ മറികടന്നാണ് സിപിഎം മുകേഷിന് വീണ്ടും അവസരം നൽകിയത്.
മണ്ഡലത്തിൽ കാണാൻ കിട്ടാത്ത എംഎൽഎ എന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളുടെ പട്ടിക നിരത്തിയാണ് മുകേഷ് അന്ന് അതിനെ പ്രതിരോധിച്ചത്. ഡിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനവും മണ്ഡലത്തിലുള്ള പരിചയവും പിന്തുണയും കണക്കിലെടുത്തായിരുന്നു ബിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയുള്ള കോൺഗ്രസിന്റെ അന്നത്തെ തീരുമാനം. ഇഎംസിസി കരാറും ലൈഫ് പദ്ധതിയുമടക്കം ചർച്ചയാക്കിയ യുഡിഎഫ് ശബരിമല വിഷയവും പ്രചാരണത്തിന് ഉപയോഗിച്ചു. അതേസമയം, സർക്കാരിന്റെ വികസനനേട്ടങ്ങളായിരുന്നു ഇടതുമുന്നണിയുടെ തുറുപ്പുചീട്ട്.
യുവമോർച്ചാ നേതാവ് എം. സുനിലിനെ ഇറക്കി ശക്തമായ മൽസരമായിരുന്നു എൻഡിഎയുടെ ലക്ഷ്യം വെച്ചത്. എന്നാൽ യുഡിഎഫിന്റെയും ബിജെപിയുടെയും എല്ലാ പ്രചാരണങ്ങളെയും തകർത്ത് മുകേഷ് തന്നെ വീണ്ടും വിജയം നേടുകയായിരുന്നു. എന്നാൽ അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. നിലവിലെ എംഎൽഎയായ മുകേഷിനെതിരെ വലിയ വികാരം ജനങ്ങൾക്കിടയിലുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മുകേഷ് തന്നെയായിരുന്നു ഇടത് സ്ഥാനാർഥി. കൃത്യമായി സിപിഎമ്മിന് എംഎൽഎക്കെതിരെയുള്ള ജനവികാരം മനസ്സിലാക്കുന്നതിനുള്ള അവസരം കൂടിയായിരുന്നു ആ തെരഞ്ഞെടുപ്പ്.
കൊല്ലം നിയോജകമണ്ഡലത്തിൽ ഉൾപ്പെടെ കനത്ത തോൽവിയായിരുന്നു മുകേഷ് നേരിട്ടത്. ഇതോടെ അടുത്ത തവണ മുകേഷിനെ തന്നെ രംഗത്തിറക്കിയാൽ സമ്പൂർണ്ണ പരാജയം സംഭവിക്കുമെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കുന്നുണ്ട്. ഈയടുത്ത് കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പോലും മുകേഷിനെ മാറ്റി നിർത്തിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ മുകേഷിനെ മാറ്റി മറ്റൊരാളെ മത്സരിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് സിപിഎം. നിലവിൽ ഏറ്റവും അധികം പരിഗണനയിലുള്ള പേര് യുവ വനിതാ നേതാവ് കൂടിയായ ചിന്ത ജെറോമിന്റേതാണ്. ചിന്തയിലൂടെ അനായാസം മണ്ഡലം നിലനിർത്താം എന്ന് സിപിഎം കരുതുന്നു. എല്ലാവർക്കും പൊതുവേ സുപരിചിതയാണ് ചിന്ത.
കേരളത്തില്‍ ഏറ്റവും അധികം വിമര്ശിക്കപ്പെട്ടിട്ടുള്ള, ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള ഇടത് വനിത നേതാക്കളില്‍ ഒരാൾ കൂടിയാണ് ചിന്ത ജെറോം. ചിന്ത ജെറോമിന്റെ പ്രസംഗ ശൈലിയേയും പലപ്പോഴും എതിരാളികള്‍ ട്രോളുകള്‍ക്ക് ഇരയക്കാറുണ്ട്. എന്നാല്‍ മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെ നേരിട്ടുള്ള പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ളതാണ് ചിന്തയുടെ പ്രസംഗ ശൈലി. കേരള സര്‍വ്വകലാശാല യൂണിയന് ചെയര്‍പേഴ്സണ്‍ ആയിരിക്കേ യൂണിയന് ഉദ്ഘാടന വേദിയില്‍ ആയിരുന്നു എംടി വാസുദേവന്‍ നായര്‍ ചിന്തയുടെ ഉച്ഛാരണ ശുദ്ധിയേയും ഭാഷാ ശൈലിയേയും ആയിരുന്നു വേദിയില്‍ വച്ച് തന്നെ പ്രശംസിച്ചത്. ഏറെ വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവച്ചിട്ടുള്ള ആള് തന്നെ ചിന്ത ജെറോം.
ജിമിക്കി കമ്മല്‍ പാട്ടിനെ കുറിച്ചും, സെല്‍ഫിയെ കുറിച്ചും എല്ലാം നടത്തിയ വിമര്‍ശനങ്ങള്‍ വലിയ പരിഹാസങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത് കൂടാതെ, അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച് ചിന്ത നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. കൊവിഡ് വാക്സിന് സ്വീകരിച്ചതും ഒരു വിഭാഗം വിവാദമാക്കാന്‍ ശ്രമം നടത്തിയിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങളെ പറ്റിയുള്ള ചോദ്യത്തിന് പൊതിച്ചോറുമായി ബന്ധപ്പെട്ട് നടത്തിയ മറുപടിയും ചിന്തയെ എയറിലാക്കിയിരുന്നു. പിന്നീടും ഒട്ടേറെ വിവാദങ്ങളിൽ ചിന്ത ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിനിടയിൽ ബിയർ ബോട്ടിലിൽ വെള്ളം കുടിച്ചതും സാമൂഹ്യ മാധ്യമങ്ങളിൽ ചിന്തക്കെതിരെ ട്രോൾ മഴയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. അപ്പോഴും ട്രോളുകളെ ഏറെക്കുറെ ആസ്വദിക്കുകയും സഹിഷ്ണുതയോടെ നോക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയ നേതാവാണ് ചിന്താ ജെറോം.
പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും വളരെയധികം സ്വീകാര്യതയുള്ള നേതാവ് കൂടിയാണ് ചിന്ത. ഇതെല്ലാം വരുന്ന തെരഞ്ഞെടുപ്പിൽ ചിന്തയ്ക്ക് അനുകൂല ഘടകങ്ങളാണ്. കോൺഗ്രസ് ആകട്ടെ വീണ്ടും പരിഗണിക്കുന്നത് മുൻ ഡിസിസി പ്രസിഡന്റ് കൂടിയായ അഡ്വ. ബിന്ദു കൃഷ്ണയെ തന്നെയാകും. കഴിഞ്ഞ തവണ ഉണ്ടായ പരാജയത്തിന് ശേഷം അവർ മണ്ഡലത്തിൽ സജീവമായിരുന്നു. കഴിഞ്ഞ തവണയും ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു കൊല്ലത്ത് ബിന്ദു കൃഷ്ണ പരാജയപ്പെട്ടത്. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച ബിന്ദു കൃഷ്ണ യൂത്ത് കോൺഗ്രസിന്റെയും പിന്നീട് കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും മുൻനിര പോരാളികളിൽ ഒരാളായിരുന്നു. കേരളത്തിൽ തന്നെ കോൺഗ്രസിന് സജീവമായിട്ടുള്ള വനിതാ മുഖങ്ങളിൽ ഏറ്റവും പ്രമുഖയാണ് ബിന്ദു കൃഷ്ണ. നിലവിലെ എംഎൽഎക്ക് എതിരായ വലിയതോതിലുള്ള ജനിവികാരവും സർക്കാരിനോടുള്ള അമർഷവും വിജയസാധ്യതയായി ബിന്ദു കൃഷ്ണ കാണുകയാണ്.
സംഘടനാപരമായും കോൺഗ്രസ് കൊല്ലം മണ്ഡലത്തിൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ ഘടകങ്ങളൊക്കെയും തങ്ങൾക്ക് അനുകൂലമാകും എന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ബിജെപിക്കും കൊല്ലം മണ്ഡലത്തിൽ കൃത്യമായ വോട്ടുണ്ട്. ജനങ്ങൾക്കിടയിൽ കൂടി പൊതു സ്വീകാര്യതയുള്ള ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം ബിജെപി വോട്ട് നില വർദ്ധിപ്പിച്ചിരുന്നു. ബിന്ദു കൃഷ്ണയ്ക്ക് പുറമേ കോൺഗ്രസിൽ നിന്നും ഉയരുന്ന മറ്റൊരു പേര് കെപിസിസി സെക്രട്ടറി കൂടിയായ സൂരജ് രവിയുടേതാണ്. മണ്ഡലത്തിൽ ഉടനീളം വ്യക്തി ബന്ധങ്ങൾ ഉള്ള സൂരജ് രവി മത്സരിച്ചാൽ ഗുണം ആകുമെന്ന് കരുതുന്നവരും ഉണ്ട്. സൂരജ് രവിയുടെയും ബിന്ദു കൃഷ്ണയുടെയും പേരുകൾ വന്നാൽ ബിന്ദുവിനൊപ്പം നേതൃത്വം നിൽക്കുവാനാകും സാധ്യത.