ആലപ്പുഴ: ഏപ്രിൽ മുതൽ പക്ഷിപ്പനി വീണ്ടും കണ്ടുതുടങ്ങിയ സാഹചര്യത്തിൽ, പക്ഷിപ്പനിയുടെ വ്യാപനം തടയാൻ നാലു ജില്ലകളിൽ നാലു മാസം വളർത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സർക്കാർ ഉത്തരവിറങ്ങി. പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റർ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്.
ആലപ്പുഴ ജില്ലയിൽ പൂർണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബർ 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളിൽ പക്ഷികളെ (കോഴി, താറാവ്, കാട) കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.
സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ഇതിൽ ആലപ്പുഴ ജില്ല പൂർണമായും ഉൾപ്പെടും. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകൾ, പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്ക്, പള്ളിക്കൽ, തുമ്പമൺ പഞ്ചായത്തുകൾ, പന്തളം, അടൂർ നഗരസഭകൾ, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ,
കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ഉദയംപേരൂർ, എടയ്ക്കാട്ടുവയൽ, ചെല്ലാനം പഞ്ചായത്തുകൾ എന്നിവയാണ് നിരോധനം ബാധകമായ സ്ഥലങ്ങൾ. ആലപ്പുഴ ജില്ലയിൽ മാത്രം 30 ഇടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. . നിരോധിത മേഖലയിൽ പുതുതായി കോഴി, താറാവ് എന്നിവയെ വളർത്തിയാൽ കർശന നടപടിയുണ്ടാകും.