തിരുവനന്തപുരം: നരേന്ദ്രമോദി വന്നാൽ പോലും കേരളത്തിൽ ബിജെപി എന്ന പ്രസ്ഥാനം ക്ളച്ച് പിടിക്കില്ലെന്നും കേരളത്തിൽ ബിജെപിയെ രക്ഷിക്കാൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കാലങ്ങളായി സിപിഎമ്മിനു വിടുപണി ചെയ്യുന്ന പരിപാടിയാണ് ബിജെപിക്കെന്നും കേരളത്തില്‍ സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ യോഗമെന്നും ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് വന്‍ തോതില്‍ വോട്ടു മറിച്ചു. ഈ കൂട്ടുകൃഷി കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്.
അതുകൊണ്ടുതന്നെ അവര്‍ ഇനി കണ്ടറിഞ്ഞേ വോട്ടു ചെയ്യൂ.കേരളത്തിന്റെ മതേതരമനസ് ഒരിക്കലും ബിജെപിക്ക് അനുകൂലമാവില്ല എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിലവിലെ ഒരു എംഎല്‍എയെ നഷ്ടപ്പെട്ടിട്ടു പോലും കഴിഞ്ഞ നാലു വര്‍ഷം സുരേന്ദ്രനെ സംസ്ഥാനാധ്യക്ഷനായി ബിജെപി നിലനിര്‍ത്തിയത് തന്നെ പിണറായി വിജയനും സിപിഎം നേതൃത്വവുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ശക്തമാക്കാനാണ് എന്നും ചെന്നിത്തല പറഞ്ഞു .