നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനിയുള്ളത് കേവലം ഒരു വർഷം മാത്രമാണ്. കൈവിട്ടുപോയ മണ്ഡലങ്ങൾ തിരികെ പിടിക്കുവാനും ഇതുവരെ കൊടി നാട്ടുവാൻ പോലും കഴിയാതെ പോയ മണ്ഡലങ്ങളിൽ ആധിപത്യം സ്ഥാപിക്കുവാനും ഉള്ള നെട്ടോട്ടത്തിലാണ് മുന്നണികളും പാർട്ടികളും. കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് പൂഞ്ഞാർ. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഈരാറ്റുപേട്ട, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാര്‍ നിയമസഭാ മണ്ഡലം. 1957ൽ കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയ ടി എ തൊമ്മൻ ജയിച്ച പൂഞ്ഞാറിന് എക്കാലവും ചായ്വ് കേരള കോൺഗ്രസിനോടായിരുന്നു. 1980 ലാണ് പി സി ജോർജ് ആദ്യം പൂഞ്ഞാറിൽനിന്ന് നിയമസഭയിലേക്കു ജയിച്ചത്. 82 ലും ജയം ആവർത്തിച്ചു. 87 ൽ പക്ഷേ ജനതാ പാർട്ടിയുടെ എൻ എം ജോസഫിനോട് 1076 വോട്ടിനു പരാജയപ്പെട്ടു. 96 ൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മൽസരിക്കാനിറങ്ങി ജയിച്ചുകയറിയ പി സി ജോർജ് തന്നെയാണ് 2016ലെ തെരഞ്ഞെടുപ്പ് വരെ വിജയിച്ചുവന്നത്. അഞ്ചു തവണയോളം പൂഞ്ഞാറിനെ പ്രതിനിധീകരിച്ച എംഎൽഎയായിരുന്നു പി സി ജോർജ്.
2017ലാണ് പി സി ജോര്‍ജ് ജനപക്ഷം സെക്യുലര്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് 2021ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ഇടതുപക്ഷത്തോടായിരുന്നു ജോർജ് പരാജയപ്പെട്ടത്. ഏറെക്കുറെ പി വി അൻവറിനെ പോലെയായിരുന്നു പി സി ജോർജും. 2007ൽ അന്നത്തെ എൽഡിഎഫ് ഘടകക്ഷിയായിരുന്ന കേരള കോൺഗ്രസ് (സെക്കുലർ) പാർട്ടി എംഎൽഎ പി സി ജോർജ് ഒരു അഴിമതി ആരോപണം പുറത്തുകൊണ്ടുവന്നു. എൽഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയും കേരള കോൺഗ്രസ് (ജോസഫ്) നേതാവുമായ ടി യു കുരുവിളയ്ക്ക് എതിരെയായിരുന്നു ആ വെളിപ്പെടുത്തൽ. മന്ത്രി കുരുവിളയും കുടുംബവും ഉൾപ്പെട്ട മൂന്നാറിലെ ഭൂമിയിടപാടിൽ ക്രമക്കേടുകൾ നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം. വൈകാതെ ഭൂമി ഇടപാട് കേസിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം കുരുവിളയ്ക്കു മന്ത്രിസ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ടി വന്നു. വൈകാതെ കേരള കോൺഗ്രസ് (സെക്കുലർ) പാർട്ടിക്കും പി.സി.ജോർജിനും എൽഡിഎഫിൽനിന്നു പുറത്തുപോകേണ്ടി വന്ന കാഴ്ചയാണു കണ്ടത്.
മുന്നണിയിൽ ആലോചിക്കാതെ മുന്നണിയിലെ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനായിരുന്നു അന്നത്തെ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ നേതൃത്വത്തിൽ ജോർജിനെ മുന്നണിയിൽനിന്നു പുറത്താക്കിയത്. വൈകാതെ ജോർജ് യുഡിഎഫിലേക്കും അവിടെനിന്ന് കേരള മാണി കോൺഗ്രസിലേക്കും ഇപ്പോൾ ബിജെപിയിലും എത്തി. ഇതിനിടയിൽ പല ആവർത്തി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ ജോർജിനെ കേരള രാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്തി. ബിജെപിയിൽ എത്തിയിട്ടും സ്വന്തം പാളയത്തിൽ അപ്പോഴും ജോർജ് പട നയിക്കുകയായിരുന്നു. പത്തനംതിട്ടയിൽ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ ആദ്യം എതിർപ്പ് പരസ്യമാക്കിയതും പി സി ജോർജ് തന്നെയായിരുന്നു. അത് ബിജെപിക്ക് നൽകിയ തലവേദന ചെറുതൊന്നും ആയിരുന്നില്ല. പിസി ജോർജ് ബിജെപിക്ക് വലിയ ഗുണം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും മകൻ ഷോൺ ജോർജ് പാർട്ടിക്ക് തുറുപ്പുഗുലാൻ ആണ്. ജനപക്ഷം പ്രതിനിധിയായി കോട്ടയം ജില്ലാപഞ്ചായത്തംഗമായ ഷോണിന്റെ ഗ്രാഫ് ഇപ്പോൾ ഉയർന്നുനിൽക്കുന്നതായാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക്കിനെതിരേ കേസുമായി മുന്നോട്ടുപോകുന്നതാണ് ഈ വിലയിരുത്തലിനു കാരണം. മുഖ്യമന്ത്രിക്കെതിരായ നിരന്തര പോരാട്ടമാണ് ഷോണിന് അനുകൂലമായ ഘടകം. പൂഞ്ഞാർ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ഷോൺ വിജയിച്ചു കയറിയതും അത്ഭുതമായിരുന്നു.
കോൺഗ്രസ്, കേരള കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ പിന്നിലാക്കിയായിരുന്നു ഷോണിന്റെ വിജയം. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും പിന്തള്ളി വിജയം കൊയ്ത പിതാവിന്റെ പാത പിന്തുടര്ന്നായിരുന്നു ഷോണിന്റെ മിന്നും ജയം. അതേസമയം പി സി ജോർജിനോട് ജനങ്ങൾക്കിടയിൽ ഉള്ള എതിർപ്പ് ഷോണിനോട് ഇല്ലെന്നതാണ് യാഥാർത്ഥ്യം. മുൻപൊരിക്കൽ പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയ സമയത്ത് കൈകൂപ്പിയ തന്റെ ചിത്രം ഷോൺ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് പിതാവിന്റെ പ്രവർത്തികളിൽ മനംനൊന്തായിരുന്നു എന്ന തരത്തിൽ ആയിരുന്നു പൊതുവേ വിലയിരുത്തലുകൾ നടന്നത്. പൂഞ്ഞാർ മണ്ഡലത്തിലും കേരള രാഷ്ട്രീയത്തിലും സുപരിചിതനാണ് ഷോൺ. എതിരാളികളെ കടന്നാക്രമിക്കുകയും കൃത്യമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന ഷോണിന്റെ ശൈലി എല്ലാവർക്കും സ്വീകാര്യമാണ്. അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ഷോണിനെ സ്ഥാനാർത്ഥിയാക്കിയാൽ മികച്ച വിജയം നേടുവാൻ കഴിയുമെന്ന് ബിജെപി കരുതുന്നു. കഴിഞ്ഞതവണ എല്‍ഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ സെബാസ്റ്റിയന് കുളത്തുങ്കള്‍ 16817 വോട്ട് ഭൂരിപക്ഷത്തിനാണ് പി സി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. പി സി ജോര്‍ജിന് 41851 വോട്ടാണ് ലഭിച്ചത്.കോൺഗ്രസ് രംഗത്തിറക്കിയത് കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയെയായിരുന്നു.എം പി സെന്നായിരുന്നു ബിഡിജെഎസ് സ്ഥാനാർഥി. അടുത്ത തവണ ബിഡിജെഎസിൽ നിന്നും സീറ്റ് ഏറ്റെടുത്ത് ബിജെപി തന്നെ മത്സരിക്കുവാനും ഷോണിനെ തന്നെ രംഗത്തിറക്കുവാനും ഏറെക്കുറെ ധാരണയായി എന്നാണ് ലഭിക്കുന്ന വിവരം.