ബെംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ബെംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. അടുത്ത കുടുംബാംഗങ്ങളും ചില രാഷ്ട്രീയ നേതാക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. ബെംഗളൂരു സൗത്തില്‍നിന്നുള്ള ലോക്സഭാ അംഗമാണ് തേജസ്വി സൂര്യ.
ചെന്നൈ സ്വദേശിയായ കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ് ശിവശ്രീ സ്കന്ദപ്രസാദ്. ബയോ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശിവശ്രീ ആയുര്‍വേദിക് കോസ്മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്കൃത കോളജില്‍ സംസ്കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്റെ കന്നഡ പതിപ്പ് പാടിയത് ശിവശ്രീയാണ്.
ബുധനാഴ്ച വൈകുന്നേരത്തോടെ വിവിധ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ 10.45ഓടെയാണ് തേജസ്വി സൂര്യ ശിവശ്രീക്ക് താലി ചാർത്തിയത്. കേന്ദ്രമന്ത്രി വി സോമണ്ണ നവദമ്പതികളെ ആശീർവദിക്കാനെത്തി. റിസപ്ഷൻ മാർച്ച് 9ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. ദേശീയ, സംസ്ഥാന തലത്തിലെ രാഷ്ട്രീയ നേതാക്കൾ റിസപ്ഷനിൽ പങ്കെടുക്കും.