തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്ത് ബിജെപി. എറണാകുളത്ത് നടന്ന യോഗത്തിലാണ് തീരുമാനം. ശോഭാ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണനെയും കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിത പ്രാതിനിധ്യം വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് ശോഭയെ കോര്കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുത്തത്.
2020ല്‍ കെ സുരേന്ദ്രന് അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ശോഭ. നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ശോഭയുടെ ആലപ്പുഴയിലെ പ്രകടനം കോര്‍ കമ്മിറ്റിയിലേക്കുള്ള തിരിച്ചുവരവിന് ഗുണമായെന്നും വിലയിരുത്തലുണ്ട്.