രാജ്യത്ത് നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഭരണം മൂന്നാം തവണയും തുടരുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും അന്തിമ വിജയം മോദിക്കും കൂട്ടർക്കും ആയിരുന്നു. മാധ്യമങ്ങൾ അനായാസ വിജയം പ്രവചിച്ച ഇടത്തായിരുന്നു ബിജെപിയുടെ അല്പം വിയർത്തുകൊണ്ടുള്ള വിജയം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള തിരിച്ചടി ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അത് ഉണ്ടാകാതിരിക്കുവാനുള്ള രാഷ്ട്രീയ അട്ടിമറികളാണ് ഇപ്പോൾ ബിജെപി നേതൃത്വം തലപുകഞ്ഞ് ആലോചിക്കുന്നത്. പ്രധാനമായും ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയമാണ് ബിജെപി അതിവേഗത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അടുത്ത വര്‍ഷം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്നാട് നിയമസഭ മാത്രമാണ് ഇതിനകം പ്രമേയം പാസ്സാക്കിയതെങ്കിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വരും നാളുകളില്‍ പ്രതിഷേധത്തിന്റെ പാതയിലേക്ക് വരാനാണ് സാധ്യത. 1971ലെ ജനസംഖ്യാ സെന്‍സസ് മാനദണ്ഡമാക്കിയാകണം മണ്ഡല പുനര്‍നിര്‍ണയം. അല്ലാതെ 2026ലോ അതിന് ശേഷമോ നടക്കുന്ന സെന്സസാകരുത് മാനദണ്ഡമെന്നും തമിഴ്നാട് നിയമസഭ പാസ്സാക്കിയ പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ ചില ന്യായവുമുണ്ട്. ലോക്സഭാ സീറ്റുകളുടെ എണ്ണത്തിന്റെ അനുപാതവും എല്ലാ സംസ്ഥാനങ്ങളിലെയും ജനസംഖ്യയും തുല്യമായിരിക്കണം. സംസ്ഥാനത്തെ എല്ലാ ലോക്സഭാ സീറ്റുകള്ക്കുമിടയിലെ ജനസംഖ്യാ അനുപാതവും കഴിയുന്നത്ര തുല്യമാകണം.
ഓരോ മണ്ഡലത്തിലെയും ജനസംഖ്യയും സംസ്ഥാനത്തിന് അനുവദിച്ച സീറ്റുകളുടെ എണ്ണത്തിനിടയിലെ അനുപാതവും കഴിയുന്നത്ര സ്ഥിരമാകും വിധം ഓരോ സംസ്ഥാനവും മണ്ഡലങ്ങളായി വിഭജിക്കപ്പെടണം. അതിനുള്ള ജനസംഖ്യ കണക്കാക്കേണ്ടത് അവസാനത്തേതും തൊട്ടുമുമ്പുള്ളതുമായ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നാണ് കീഴ് വഴക്കം. 2001ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം ലോക്സഭ, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിവരച്ചെങ്കിലും 1971ലെ സെന്‍സസ് പ്രകാരം തീരുമാനിച്ച ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം മാറ്റിയില്ല. 2002ലെ 84ാം ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനര്‍നിര്‍ണയം വീണ്ടും മാറ്റിവെച്ചു. 2026ന് ശേഷമുള്ള ആദ്യ സെന്‍സസ് വരെ മാറ്റിവെക്കുന്നു എന്നായിരുന്നു ഭേദഗതി. അതിലാണിപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ജനസംഖ്യാ വളര്‍ച്ചയില്‍ വ്യത്യസ്ത പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ജനസംഖ്യാ വളര്‍ച്ചയില്‍ സ്ഥിരത നിലനിര്‍ത്തുന്ന, ടോട്ടല്‍ ഫെര്‍റ്റിലിറ്റി റേറ്റ്(ടി എഫ് ആര്) അതായത് മൊത്തം പ്രത്യുത്പാദന നിരക്ക് 2.1 കുട്ടികള്‍ എന്നതാണ്. എന്നാല്‍ 2023-24ലെ സാമ്പത്തിക സര്‍വേ പ്രകാരം മിക്കവാറും ഉത്തരേ ന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രസ്തുത നിരക്കിന് മുകളിലാണ്. ഉത്തര്‍ പ്രദേശില്‍ 2.4 ആണെങ്കില്‍ ബിഹാറില്‍ 3.0 ആണത്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യാ വളര്‍ച്ചയില്‍ സ്ഥിരത നിലനിര്‍ത്തുന്ന നിരക്കിനും എത്രയോ താഴെയുമാണ്. കേരളം 1.8, ആന്ധ്രാപ്രദേശ് 1.7, തമിഴ്നാട് 1.7 എന്നിങ്ങനെയാണ് ഭക്ഷിണേന്ത്യയിലെ വളര്‍ച്ചയുടെ നിരക്ക്. ഈ കണക്കാണിപ്പോള്‍ വരാനിരിക്കുന്ന മണ്ഡല പുനര്നിര്ണയത്തെപ്രതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജനസംഖ്യാ വളര്‍ച്ച അസന്തുലിതമാണെന്നതിനാല് മണ്ഡല പുനര്‍നിര്‍ണയം ഉണ്ടാകുന്ന പക്ഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയുകയോ സീറ്റുകള്‍ കൂടുന്ന പക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന സീറ്റുകളെ അപേക്ഷിച്ച് നാമമാത്ര വര്‍ധനവ് മാത്രമേ ഉണ്ടാകുകയുമുള്ളൂ.
അത് പല നിലയില്‍ ബഹുസ്വരമായിരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങളെ ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. മണ്ഡല പുനര്‍നിര്‍ണയത്തിന് ജനസംഖ്യ മാത്രം മാനദണ്ഡമാക്കുന്നതില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. ജനസംഖ്യക്കപ്പുറത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമാകണം. അല്ലാത്തപക്ഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ അനീതിയുടെ ഇരകളാകുമെന്നതിൽ യാതൊരു സംശയവുമില്ല. വിഷയത്തിൽ ബിജെപി ദേശീയ നേതാവ് അമിത്ഷാ കഴിഞ്ഞദിവസം പ്രതികരണം നടത്തിയിരുന്നു. പുനർനിർണയ പ്രക്രിയയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദം വിശ്വസനീയമല്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തരമൊരു ലക്ഷ്യവുമായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ 50 വർഷമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച ഫലപ്രദമായി നിയന്ത്രിക്കുകയും വികസനത്തിൽ ഗണ്യമായി മുന്നേറുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. അവർ വികസനത്തിൽ പിന്നോക്കം തുടരുകയാണ്. 20 ലക്ഷം ജനങ്ങൾക്ക് ഒരു ലോക്സഭാ മണ്ഡലം എന്ന മാനദണ്ഡം നടപ്പിലാകുമ്പോൾ സ്വാഭാവികമായും ജനസംഖ്യാവർദ്ധന ഇല്ലാത്ത ദക്ഷിണ സംസ്ഥാനങ്ങൾക്ക് മണ്ഡലങ്ങൾ കുറയും. മാനദണ്ഡം കൃത്യമായി പാലിക്കപ്പെട്ടാൽ തമിഴ്നാടിന് ഇപ്പോഴത്തെ 39 ലോക്സഭാ സീറ്റിൽ കുറവു വരും. കേരളത്തിന് രണ്ടു സീറ്റിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ കർണാടക, തെലങ്കാന, ആന്ധ്ര എന്നിവയ്ക്കും സീറ്റ് നഷ്ടമുണ്ടാകും. 20 ലക്ഷം ജനങ്ങൾക്ക് ഒരു മണ്ഡലമെന്ന മാനദണ്ഡം നടപ്പിൽ വന്നാൽ ലോക്സഭയിലെ ഇപ്പോഴത്തെ 545 അംഗസംഖ്യ 750-ലധികമാകാൻ സാദ്ധ്യതയുണ്ട്. ഇരുനൂറിലധികം സീറ്റുകളുടെ ഈ വർദ്ധനയുടെ ഗുണം ലഭിക്കാൻ പോകുന്നത് സ്വാഭാവികമായും ബിജെപിക്കാകും. കാരണം വടക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾത്തന്നെ മേൽക്കൈ ബിജെപിക്കാണ്.
അതേസമയം, രാജ്യത്തെ എല്ലാ കക്ഷികൾക്കും തുല്യത ലഭിക്കണമെങ്കിൽ അതിനു പറ്റിയ മാനദണ്ഡങ്ങൾ ആവിഷ്കരിച്ച് മണ്ഡല പുനർനിർണയം നടത്തേണ്ടതുണ്ട്. ബിജെപി ലക്ഷ്യം വെക്കുന്നത് പോലെ പാർലമെന്റിലെ പ്രാതിനിദ്ധ്യം ഏതെങ്കിലുമൊരു പാർട്ടിക്കോ കൂട്ടായ്മയ്ക്കോ മാത്രം പ്രയോജനപ്പെടുന്ന തരത്തിലാകരുത്. രാജ്യത്തെ എല്ലാ കക്ഷികൾക്കും തുല്യത ലഭിക്കണമെങ്കിൽ അതിനു പറ്റിയ മാനദണ്ഡങ്ങൾ ആവിഷ്കരിച്ച് മണ്ഡല പുനർനിർണയം നടത്തണം. ഇതിനായി കേന്ദ്രം സർവകക്ഷിയോഗം വിളിച്ചുകൂട്ടി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കണം. കേവലം ജനസംഖ്യ മാത്രം ആധാരമാക്കി മണ്ഡല പുനർനിർണയം നടത്തുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാകും. രാജ്യത്ത് വലിയ തോതിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കും വിവാദങ്ങൾക്കും അത് കാരണമായിത്തീരുകയും ചെയ്യും. അതായത് അതിബുദ്ധി ബിജെപിക്ക് വലിയ തിരിച്ചടിക്കുള്ള അവസരമായി മാറുമോ എന്നതാണ് പലരും ഉറ്റു നോക്കുന്നത്