തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുറുപ്പ് ചീട്ടായി കേരളത്തിൽ മാറുക ശോഭാ സുരേന്ദ്രൻ തന്നെയെന്ന് സൂചന. ഇന്ന് ബിജെപിയുടെ മുൻനിര നേതാക്കളിൽ ഏറ്റവുമധികം സ്വീകാര്യതയുള്ളത് ശോഭാ സുരേന്ദ്രന് തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.
കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ അന്തിമഘട്ടത്തിൽ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമായിരുന്നു കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകുന്നത്. ആ തീരുമാനം ആകട്ടെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്തു. കൃഷ്ണകുമാറിന് പകരം ശോഭാസുരേന്ദ്രൻ ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ബിജെപിക്ക് പാലക്കാട് അട്ടിമറി വിജയം സുനിശ്ചിതമായിരുന്നു.

മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലായിരുന്നു മത്സരം. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിൽ എതിരാളികളെ ഞെട്ടിച്ചു. വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്ന് 28.3 ശതമാനമായി. അതേസമയം ബിജെപി നേതൃത്വവുമായി വർഷങ്ങളായി ശോഭ അത്ര രസത്തിൽ ആയിരുന്നില്ല.
2020ല്‍ കെ സുരേന്ദ്രന് അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ശോഭ. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയോട് അകലം പാലിച്ച് മാറി നില്‍ക്കുകയായിരുന്നു ശോഭ. പിന്നീട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് വീണ്ടും അവരെ കോർ കമ്മിറ്റിയിലേക്ക് എത്തിച്ചത്. ഇപ്പോള്‍ നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പക്ഷേ കടുത്ത വിഭാഗീയത നിലനിൽക്കുമ്പോഴും ഘട്ടത്തിലും ബിജെപിയെ തള്ളിപ്പറയുവാൻ ശോഭാസുരേന്ദ്രൻ തയ്യാറായിട്ടില്ല.

പല വിവാദങ്ങളും ഉയർന്നു വന്നപ്പോഴും തന്റെ ചെലവിൽ ബിജെപിയെ തകർക്കുവാൻ അനുവദിക്കില്ല എന്ന മറുപടിയായിരുന്നു അവർ നൽകിയത്. അതായത് പറയുവാനുള്ളത് കൃത്യമായി പാർട്ടിയുടെ വേദികളിൽ തുറന്നടിക്കുന്ന സമീപനമായിരുന്നു അവരുടേത്. തന്റെ ചെറുപ്പകാലം മുതൽക്കേ പിന്തുടരുന്ന രാഷ്ട്രീയത്തിന് വേണ്ടി എല്ലാകാലത്തും അവർ അചഞ്ചലമായി നില കൊണ്ടിട്ടുണ്ട്. അവഗണനയും തള്ളിപ്പറച്ചിലുകളും നേരിടുന്ന ഘട്ടങ്ങളിലും പ്രസ്ഥാനത്തെ ഒരുവേള പോലും അവർ പ്രതിസന്ധിയിൽ ആക്കിയിട്ടില്ല.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഒട്ടേറെ വിരുദ്ധ അഭിപ്രായങ്ങൾ നിലനിന്നെങ്കിലും പ്രചാരണ രംഗത്ത് ശോഭ സജീവമായിരുന്നു. പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ നേമത്ത് ഇടതുപക്ഷം പൂട്ടിച്ച നിയമസഭയിലെ അക്കൗണ്ട് ഉപതെരഞ്ഞെടുപ്പിൽ തുറക്കാൻ കഴിയുമെന്നായിരുന്നു ആർഎസ്എസ് നേതൃത്വവും കരുതിയത്. ഇത് നടക്കാതെ പോയതിൽ പരിവാർ സംഘടനകൾക്കും ബിജെപിയോട് അമർഷമുണ്ട്.
ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നുവെങ്കിൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഗതിയെ തന്നെ മാറ്റുമെന്ന ഉപദേശവും ആർഎസ്എസ് നേതൃത്വം ബിജെപിക്ക് അന്ന് നൽകിയിരുന്നു. എന്നാൽ അതെല്ലാം കൃഷ്ണകുമാറിന് മുൻപിൽ ബിജെപി സംസ്ഥാന നേതൃത്വം അടിയറവ് വെക്കുകയായിരുന്നു. ഇന്ന് കേരളത്തിൽ ശോഭാ സുരേന്ദ്രനോളം പ്രവർത്തകരുടെ പിന്തുണയുള്ള മറ്റൊരു നേതാവും ബിജെപിയിൽ ഇല്ല.

പ്രകോപനം നിറഞ്ഞ പ്രസംഗങ്ങളിലൂടെയാണ് ശോഭാ സുരേന്ദ്രൻ കേരളമൊട്ടാകെ അറിയപ്പെടുന്ന നേതാവായി മാറിയത്. 90കളിൽ തൃശ്ശൂർ മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളിൽ ബിജെപി പ്രവർത്തകരുടെ ആവേശമായി മാറാൻ ശോഭയ്ക്ക് സാധിച്ചു. അക്കാലത്ത് ശോഭയ്ക്ക് ഒത്ത ഒരു എതിരാളിയെ പ്രസംഗപീഠങ്ങളിൽ എത്തിക്കാൻ സിപിഎം പാടുപെട്ടു.
ചെന്നിറങ്ങുന്ന മണ്ഡലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ പെരുപ്പിക്കാനും ഉയർത്തിക്കാട്ടാനും ശോഭയ്ക്ക് തന്റെ വാക്ചാതുര്യം കൊണ്ട് സാധിക്കാറുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏതു മണ്ഡലത്തിൽ നിന്നാലും ശോഭ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.
ശോഭയ്ക്ക് തന്നെ ഏറ്റവും അധികം ആത്മവിശ്വാസമുള്ള മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർദ്ദേശമാകും ദേശീയ നേതൃത്വം നൽകുക. അപ്പോഴും മഞ്ചേശ്വരം, തൃശൂർ, പാലക്കാട്, ചേർത്തല, കായംകുളം, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ എവിടെ മത്സരിച്ചാലും ശോഭ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. മാത്രവുമല്ല ശോഭ മത്സരിക്കുമ്പോൾ വിഭാഗീയതകൾ വിലപ്പോകില്ലെന്നും നേതൃത്വത്തിന് അറിയാം.
നേതാക്കൾക്ക് അപ്പുറത്തേക്ക് പ്രവർത്തകരുമായി ആഴത്തിലുള്ള ബന്ധം ശോഭയ്ക്ക് തെരഞ്ഞെടുപ്പ് ഗോദയിൽ കരുത്താണ്. ഈ പറയപ്പെട്ട മണ്ഡലങ്ങളിൽ എല്ലാം പ്രവർത്തകരും ശോഭയെ തന്നെയാണ് സ്ഥാനാർത്ഥിയായി കാത്തിരിക്കുന്നതും. ഏറെക്കുറെ സംസ്ഥാനത്തെ ബിജെപിയുടെ നിയന്ത്രണം ദേശീയ നേതൃത്വം നേരിട്ട് ഏറ്റെടുത്ത പോലെയാണ്. വരും ദിവസങ്ങളിലും തീരുമാനങ്ങളിൽ അടക്കം പിടി മുറുക്കുവാൻ ആണ് ദേശീയ ആലോചിക്കുന്നത്. ശോഭയിലൂടെ കേരള നിയമ സഭയിൽ ശോഭിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് നിസംശയം പറയാം.