സംസ്ഥാനം വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇടത് മുന്നണി തന്നെ വീണ്ടും അധികാരത്തിൽ എത്തുന്നതാണ് ബിജെപിയ്ക്കിഷ്ടം. രാജ്യത്ത് ബിജെപി ഇന്ന് ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളും ഒരുകാലത്ത് കോൺഗ്രസ് ഭരിച്ചിരുന്നതാണ്. ഭരിച്ചിരുന്നു എന്നു മാത്രമല്ല, കോൺഗ്രസ് മാത്രം അടക്കിവാണിരുന്ന സംസ്ഥാനങ്ങളിലാണ് ബിജെപി ഇന്ന് കരുത്തോടെ മുന്നേറുന്നതെന്ന് വേണം പറയുവാൻ.
എല്ലാ സ്ഥലത്തും ബിജെപിക്ക് മുൻപിൽ പ്രതിസന്ധിയായി നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പൊതുവേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വേരില്ലെങ്കിലും ഒട്ടും പ്രാധാന്യമില്ലാത്ത സംസ്ഥാനം കേരളമാണ്. അതിനൊരു മാറ്റം ആഗ്രഹിക്കുന്ന ബിജെപി നേതൃത്വത്തിന് എങ്ങനെയും ഇവിടുത്തെ കോൺഗ്രസിനെ തകർത്ത് മുന്നോട്ടുവരികയാണ് ലക്ഷ്യം.
കോൺഗ്രസ് ഇല്ലാതായാൽ സ്വാഭാവികമായും ഇടതുമുന്നണിയോട് നേർക്കുനേർ വരിക തങ്ങൾ ആണെന്ന് ബിജെപി കരുതുന്നു. ബംഗാൾ, ത്രിപുരം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്നതുപോലെ കോൺഗ്രസ് ഇല്ലാത്ത സാഹചര്യത്തിലെ സിപിഎമ്മിനെ എളുപ്പത്തിൽ ഇല്ലാതാക്കാമെന്ന് ബിജെപി കരുതുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലേക്ക് ഭരണം നീങ്ങുമ്പോൾ സർക്കാരിനെയും സിപിഎമ്മിനെയും സഹായിക്കുന്ന സമീപനങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. ശക്തമായ സമരങ്ങൾ ഏറ്റെടുക്കാനോ സർക്കാരിനെ പ്രതിസന്ധിയിലാക്കുവാനോ ബിജെപി നേതൃത്വം മുന്നോട്ടുവരുന്നില്ല. അതേസമയം, കോൺഗ്രസിനെതിരെ നിരന്തരം ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
കുറച്ചുനാളുകൾക്ക് മുമ്പ് കേരളത്തിൽ ഗവർണറും സിപിഎമ്മും തമ്മിലുള്ള തർക്കങ്ങൾ സ്ഥിരം ആയിരുന്നു. എന്നാൽ അവിടെയും സിപിഎമ്മിന് ഗുണകരമായ തീരുമാനമാണ് ബിജെപി എടുത്തത്. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി പുതിയതായി നിയോഗിച്ച ഗവർണർ സിപിഎമ്മിന്റെ ചങ്ങാതിയാണ്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ബുധനാഴ്ച കേരള ഹൗസിൽ നടത്തിയ നയതന്ത്ര ചാതുര്യമുള്ള ഒത്തുചേരലുകൾ ശ്രദ്ധേയമായി മാറിയിരുന്നു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ സർക്കാരുകളും ഗവർണർമാരും തമ്മിൽ വളരെ സംഘർഷാത്മകമായി കടന്നു പോയ വർഷങ്ങളാണ് നാം ഇതുവരെ കണ്ടത്. കേരള ഗവർണറായി ആറു വർഷക്കാലം സേവനമനുഷ്ഠിച്ച ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ എന്നും ഏറ്റുമുട്ടലുകളായിരുന്നു. കാരണം രണ്ടുപേരും ഒട്ടും വിട്ടുകൊടുക്കുന്നവരല്ല.
തനിക്കെതിരേ കരിങ്കൊടി ഉയർത്തിയ എസ്എഫ്ഐക്കാരെ നേരിടാൻ അദ്ദേഹം തന്നെ നിരത്തിലിറങ്ങിയത് നാം കണ്ടതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ ഗവർണറായി നിയമിതനായ അർലേക്കർ ഏതാനും ദിവസങ്ങൾക്കകം തന്നെ മുഖ്യമന്ത്രി പിണറായി വിജയനോട് മുഖത്തോടു മുഖം നോക്കി പുഞ്ചിരിക്കുന്ന ചിത്രങ്ങളാണ് കണ്ടത്. മാത്രമല്ല, കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയ്ക്കും എംപിമാർക്കും ഒപ്പം താനും ഉണ്ടാവുമെന്ന് ഗവർണർ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.
ഗവർണറുടെ വാക്കുകൾക്ക് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി അദ്ദേഹം കഴിഞ്ഞയാഴ്ച ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു സൽക്കാരം കേരള എംപിമാർക്ക് നൽകി. പിറ്റേ ദിവസം വളരെ അസാധാരണമായ കൂടിക്കാഴ്ചയാണ് ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവർ കേരള ഹൗസിലെ പ്രഭാത ഭക്ഷണ വേളയിൽ നടത്തിയത്. കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും ഒപ്പമുണ്ടായിരുന്നു.
കേരളത്തിന്റെ രുചികരമായ അപ്പം, സ്റ്റ്യൂ, പുട്ട്, കടലക്കറി, പ്രസിദ്ധമായ തൃശൂർ ഏത്തപ്പഴം പുഴുങ്ങിയത് എന്നിവയെല്ലാം പ്രഭാത ഭക്ഷണത്തിലുണ്ടായിരുന്നു. ഭക്ഷണത്തോടൊപ്പം മനം കുളിർപ്പിക്കുന്ന സംഭാഷണങ്ങളും നടന്നു. കേരളത്തിന്റെ വികസന മേഖലകൾക്ക് കേന്ദ്രം സഹായം നൽകുമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ ഉറപ്പു നൽകി. 50 മിനിട്ട് നീണ്ട സംസാരത്തിനുശേഷം പൊട്ടിച്ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങിയത്. തുടർന്ന് 5,990 കോടി രൂപ കൂടി അധികം കടമെടുക്കാനുള്ള അനുമതി കേന്ദ്രം നൽകി. ഇതെല്ലാം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഇന്നത്തെ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്നതാണ്.
ബിജെപി വരുന്ന തെരഞ്ഞെടുപ്പിൽ കേവലം അഞ്ചു സീറ്റുകളിൽ മാത്രമാണ് വിജയിക്കുവാൻ ശ്രമിക്കുന്നത്. അവർക്ക് ശക്തിയുള്ള ബാക്കിയുള്ള 50 ഓളം സീറ്റുകളിൽ സിപിഎമ്മിന് വോട്ട് ചെയ്യുവാനാണ് തീരുമാനമെന്ന് അറിയുന്നു. അങ്ങനെ ബിജെപി വോട്ടുകൾ സിപിഎമ്മിലേക്ക് വ്യാപകമായി എത്തപ്പെട്ടാൽ കേരളത്തിൽ മൂന്നാമതും പിണറായി തന്നെ അധികാരത്തിലെത്തും. അതോടെ കോൺഗ്രസ് പാർട്ടി തകർന്നു തരിപ്പണമാകും. കോൺഗ്രസിലെ നല്ലൊരു ശതമാനം നേതാക്കളും സിപിഎമ്മിലേക്കും ബിജെപിയിലേക്കും എത്തും. പിന്നീട് പതിയെ കേരളം പിടിച്ചടുക്കാമെന്ന് ബിജെപി കരുതുന്നു. ബിജെപിയുടെ ഈ പരിശ്രമങ്ങൾ എത്രകണ്ട് വിജയം കാണുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.