കൊൽക്കത്ത : ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ചു.
ട്യൂഷന് പോയ പെൺകുട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും പൊലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. കുട്ടിയുടെ പിതാവ് പരാതിയുമായി എത്തിയപ്പോൾ പൊലീസ് അവഗണിച്ചെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
പരാതി ലഭിച്ച ഉടൻതന്നെ തങ്ങൾ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ ധാരാളം മുറിവുകൾ ഉണ്ടെന്നും കൈകാലുകൾ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.