കൊച്ചി: നടിക്കെതിരെ അധിക്ഷേപം നടത്തിയ കേസിൽ ഹൈക്കോടതിയുടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം റദ്ദാക്കും. ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. സംഭവത്തിൽ ബോബി ചെമ്മണ്ണൂർ കോടതിയെ നിന്ദിച്ചതിനെ തുടർന്നാണ് കോടതി രൂക്ഷമായ നിലപാട് സ്വീകരിച്ചത്.
ബോബി നാടകം കളിക്കരുത് എന്ന് ഹൈക്കോടതി വിമർശിച്ചു. 12 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ബോബിയുടെ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കാൻ നോട്ടീസും നൽകും.
ഇന്നലെ വൈകീട്ട് 4 .08 ന് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വെബ്സൈറ്റ് അപ്ലോഡ് ചെയ്ത് 4 .48 ന് റിലീസ് ഓർഡർ നൽകി. എന്നിട്ടും പുറത്തിറങ്ങാൻ വിസമ്മതിച്ച് ഒരു ദിവസം കൂടെ ബോബി ജയിലിൽ തുടർന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളാൽ പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബോബി ജയിലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാൽ റിമാൻഡ് തടവുകാരുടെ വക്കാലത്ത് ബോബി ചെമ്മണ്ണൂർ എടുക്കണ്ട എന്നും കോടതി വിമർശിച്ചു. ബോബി ചെമ്മണ്ണൂർ നിയമത്തിനതീതനല്ല. ഹണി റോസിന്റെ കേസിൽ രണ്ടാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനും കോടതി നിർദേശിച്ചു.