ബെംഗളൂരു: കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ (52) മൃതദേഹം കുളൂര്‍ പാലത്തിനടിയില്‍ നിന്ന് കണ്ടെത്തി. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിന് മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ മുംതാസ് അലിയുടെ ആഢംബര കാര്‍ കണ്ടെത്തിയിരുന്നു. ഈ വിവരം പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫാല്‍ഗുനി പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മുംതാസ് അലി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. താന്‍ മടങ്ങി വരില്ലെന്ന് കുടുംബ വാട്സ്ആപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നതായി മകള്‍ പൊലീസിനോട് പറഞ്ഞിരുന്നു.