ബിനുകൃഷ്ണ /സബ് എഡിറ്റർ
കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ അഭിനയ ജീവിതത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് നടൻ വിക്രാന്ത് മാസി. ടെലിവിഷൻ സീരിയലുകളിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച് ലൂട്ടേര എന്ന രൺവീർ സിംഗ് ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസി സിനിമയിലേക്ക് കടക്കുന്നത്. തുടർന്ന് കൊങ്കണ സെൻ ശർമയുടെ എ ഡെപ്ത് ഇൻ ദി ഗഞ്ച് എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
എന്നാൽ 12th ഫെയിൽ എന്ന സിനിമയിലൂടെയാണ് തന്റെ കരിയർ ബ്രേക്ക് വിജയം മാസി നേടുന്നത്. തുടർന്ന് സൂപ്പർ ഹിറ്റ് ആയ സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡും നടന് ലഭിച്ചു. തുടരെ തുടരെ പരാജയ സിനിമകൾ മാത്രം പുറത്തിറക്കിക്കൊണ്ടിരുന്ന ബോളിവുഡിനെ അന്ന് മാനം കെടാതെ പിടിച്ചു നിർത്തിയത് 12th ഫെയിൽ ആയിരുന്നു.
ബോളിവുഡിലെ എണ്ണം പറഞ്ഞ മികച്ച അഭിനേതാക്കളിൽ ഒരാളായ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ദ് സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്. അടുത്തവര്‍ഷം വരുന്ന രണ്ട് സിനിമകളോടെ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുമെന്ന് നടൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഭർത്താവ്, പിതാവ്, മകൻ എന്ന എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ടെന്നും അതിനായി വീട്ടിലേക്ക് മടങ്ങുന്നുവെന്നും നടന് കൂട്ടിച്ചേർത്തു.