മുംബൈ: ബലാത്സംഗത്തിനിരയായ പതിനൊന്ന് വയസുകാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
30 ആഴ്ച ഗര്‍ഭിണിയായ കുട്ടി മാനസികമായും ശാരീരികമായും ഗര്‍ഭഛിദ്രത്തിന് സജ്ജമാണെന്ന് മെഡിക്കല്‍ പരിശോധനകളില്‍ വ്യക്തമായതായി കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഷര്‍മിള ദേശ്മുഖ്, ജിതേന്ദ്ര ജെയ്ന്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചിന്റേതാണ് വിധി.
കുട്ടിയുടെ വയറിന്റെ വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും വയറിലുള്ള അണുബാധയാകാം വളര്‍ച്ചക്ക് കാരണമെന്നാണ് കരുതിയതെന്ന് പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. താനെയിലെ സ്വകാര്യ ആശുപത്രി കുട്ടിക്ക് മരുന്നും നല്‍കിയിരുന്നു. എന്നാല്‍ വയറിന്റെ വളര്‍ച്ചയ്ക്ക് മാറ്റമൊന്നും ഇല്ലാതിരുന്നതോടെ മുംബൈയിലെ ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.