പെര്‍ത്ത് : ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. പെര്‍ത്തിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്.
നാട്ടില്‍ നടന്ന പരമ്പരയില്‍ ന്യൂസിലന്റിനോട് നേരിട്ട നാണംകെട്ട തോല്‍വിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടില്‍ മത്സരത്തിനിറങ്ങുന്നത്. ഓസ്ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചുകളില്‍ ബാറ്റര്‍മാരുടെ പ്രകടനമാകും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക.
കഴിഞ്ഞ നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. അതില്‍ രണ്ട് തവണയും ഓസ്ട്രേലിയയില്‍ വെച്ചാണ് പരമ്പര നേടിയത്. 2021 ല്‍ പന്ത്, പൂജാര, രഹാനെ എന്നിവരുടെ മികവില്‍ നേടിയത് ചരിത്രജയം. അന്ന് ഗാബയില്‍ നടന്ന ടെസ്റ്റില്‍ പന്തിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ഉജ്ജ്വലജയം.
ഗാബയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമായിരുന്നു അത്. 2022-23 ല്‍ നാട്ടില്‍ നടന്ന പരമ്പരയിലും ഇന്ത്യ വിജയിച്ചു. ഇതുവരെ പരമാവധി നാല് ടെസ്റ്റുകളുള്ള പരമ്പരയായിരുന്നു ഇരുടീമുകളും തമ്മില്‍ നടന്നതെങ്കില്‍ ഇത്തവണ അഞ്ച് മത്സരങ്ങളാണുള്ളത്.
നായകന് രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. പകരം പേസര്‍ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിക്കുക. രോഹിതിന് പകരം കെഎല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. പരിക്കിനെ തുടര്‍ന്ന് ഗില്ലും പെര്‍ത്തില്‍ ഉണ്ടാകില്ല. അങ്ങനെയെങ്കില്‍ മൂന്നാം നമ്പറില്‍ ആരെ ഇറക്കും എന്നതാണ് ടീം മാനേജ്മെന്റിന് മുന്നിലുള്ള ആശങ്ക. ദേവ്ദത്ത് പടിക്കലിന് നറുക്ക് വീഴാനാണ് സാധ്യത.