ന്യൂഡൽഹി:ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. രാജ്യത്തിന്റെ വികസനത്തിനൊപ്പം നില്ക്കുന്നതിനായും ജനങ്ങളെ സേവിക്കുന്നതിനുമാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വിജേന്ദര്‍ സിങ് പറഞ്ഞു.
2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജേന്ദര്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡൽഹിയിൽ നിന്നും ബിജെപിയുടെ രമേഷ് ബിധുരിയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ അദ്ദേഹം ഹരിയാണയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്.
മഥുരയില്‍ വിജേന്ദറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ജാട്ട് സമുദായത്തില്‍പ്പെട്ട വിജേന്ദര്‍ പാര്‍ട്ടി വിടുന്നത് ഹരിയാണയിലും പടിഞ്ഞാറന്‍ ഉത്തര്പ്പദേശിലും കോണ്‍ഗസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ രണ്ട് മേഖലകളിലും വിജേന്ദര്‍ ബി.ജെ.പിക്ക് വേണ്ടി വിപുലമായി പ്രചാരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജേന്ദര്‍ സിങ് പാര്‍ട്ടി വിട്ടേക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് വിജേന്ദര്‍ എക്സില്‍ റീ ട്വീറ്റ് ചെയ്തിരുന്നു.