ആഗ്ര: ബ്രഡ് നിർമ്മാണ ശാലയിലെ ഓവൻ പൊട്ടിത്തെറിച്ച് വൻ അപകടം. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ആഗ്രയിൽ ഹരിപാർവതിലെ ട്രാൻസ്പോർട്ട് നഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് (വ്യാഴാഴ്ച) ഉച്ച കഴിഞ്ഞാണ് ബ്രഡ് നിർമ്മാണ ഫാക്ടറിയിലെ ഓവൻ പൊട്ടിത്തെറിച്ചത്.
മെഡ്ലി ബ്രെഡ് ഫാക്ടറിയിലാണ് ഒരു മണിയോടെ പൊട്ടിത്തെറിയുണ്ടായത്. സ്ഥാപനത്തിൽ 20 ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്തായിരുന്നു പൊട്ടിത്തെറി. സാധാരണ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ വലിയ രീതിയിലുള്ള പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നുവെന്നാണ് ഫാക്ടറി മാനേജർ ജിതേന്ദ്ര പിടിഐയോട് പ്രതികരിച്ചത്. ഗ്യാസിൽ പ്രവർത്തിക്കുന്ന ഓവനായതിനാൽ, ഗ്യാസ് ലീക്കിനെ പിന്തുടർന്നുണ്ടായ പൊട്ടിത്തെറിയാന്നെന്നാണ് പ്രാഥമിക വിലയിരുത്തൽ.സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പൊട്ടിത്തെറിയിൽ പരിക്കേറ്റ ജീവനക്കാരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പൊട്ടിത്തെറിയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ പരിശോധന നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. കിലോമീറ്ററുകൾ അകലെ വരെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ പറയുന്നത്.