ഓസ്ട്രേലിയൻ ക്രിക്കറ്റർ ബ്രെറ്റ് ലീയുടെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും ബാറ്റും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ വേഗതയേറിയ ബൗളറായി പ്രശസ്തി നേടിയ ബ്രെറ്റ് ലീ അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും, ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു.
ഓസ്ട്രേലിയയിലെ സിഡ്നിയിൽവെച്ച് നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീര്‍, സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയവും ഇതിഹാസതാരം ബ്രെറ്റ് ലീയെയും സന്ദർശിച്ചപ്പോഴാണ് തലശ്ശേരിക്ക് ഇങ്ങനെയൊരു അംഗീകാരമുദ്ര കൈമാറിയത്.
കേക്കും, സർക്കസ്സും ഇന്ത്യയിൽ ആദ്യമായി പിറന്ന പൈതൃക നഗരിയായ തലശ്ശേരിയിലാണ് ക്രിക്കറ്റിനും തുടക്കം കുറിച്ചതെന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോൾ കേരളത്തെക്കുറിച്ചും ക്രിക്കറ്റിന് തുടക്കം കുറിച്ച തലശ്ശേരിയെ കുറിച്ചുമെല്ലാം ബ്രെറ്റ് ലീയ്ക്ക് നല്ല ധാരണയുള്ളതായി സംസാരത്തിൽ നിന്നും മനസ്സിലായതായി സ്പീക്കർ പറഞ്ഞു. സന്ദര്‍ശന വേളയില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്. കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഭാവിയിൽ പവലിയൻ ഒരുക്കണമെന്നും ആ പവലിയനിൽ അദ്ദേഹം സമ്മാനിച്ച ബാറ്റും ബോളും ഇരു രാജ്യങ്ങളുടെയും പരസ്പര സ്നേഹത്തിൻ്റെ അടയാളമായി സന്ദർശകർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്നും ബ്രെറ്റ് ലീ ആഗ്രഹം അറിയിക്കുകയുണ്ടായി.
അന്താരാഷ്ട്ര കരിയറിൽ വേഗമേറിയ ബൗളർ എന്ന അംഗീകാരം ലഭിച്ച ബ്രെറ്റ് ലീ 2003 ലെ വേൾഡ് കപ്പും, 2005, 2009 വർഷങ്ങളിലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയും ഓസ്ട്രേലിയക്ക് നേടിക്കൊടുത്ത പ്രതിഭയാണ്.
ക്രിക്കറ്റിനെയും, ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് പിറന്ന തലശ്ശേരിയെയും ഏറെ ആദരവോടെ കാണുന്ന അദ്ദേഹത്തിന്റെ സ്നേഹാദരവ് തലശ്ശേരിക്ക് ലഭിച്ചതിൽ ക്രിക്കറ്റ് പ്രേമികൾ ആവേശത്തിലാണ്.