എറണാകുളം: ആർ ടി ഒ പ്രതിയായ കൈക്കൂലി കേസില്‍ ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും കണ്ടെത്തല്‍. ഇതിന്റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോര്‍ട്ട്.
മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി ഇതിനു മുന്നേയും നടത്തിയതായി സംശയിക്കുന്നു . എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു വേണ്ടി മൂന്ന് പ്രതികൾക്കായി നാളെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും.