കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽനിന്ന് 14 പവനും 88,000 രൂപയും മോഷണം പോയി. തളാപ്പ് ജുമാമസ്ജിദിന് സമീപമുള്ള ഉമയാമി വീട്ടിൽ പി.നജീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തിനായി പോയി തിങ്കളാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിൽ തകർന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ അറിയിച്ചു.
ഇരുമ്പ് പാര ഉപയോഗിച്ച് മുൻവാതിൽ തകർത്ത മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 സ്വർണനാണയങ്ങളും രണ്ടുപവൻ മാലയും പണവും കവർച്ചചെയ്തു. സ്വർണത്തിന് ഏകദേശം 7,70,000 രൂപ വിലവരും. സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. വ്യാഴാഴ്ചയാണ് നജീർ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിദേശത്തുനിന്ന് നാട്ടിലെത്തിയത്. രണ്ടംഗസംഘമാണ് മോഷണത്തിനെത്തിയതെന്ന് സംശയിക്കുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. വീട്ടുകാർ വീട്ടിൽ ഇല്ലാതിരുന്ന സമയം കൃത്യമായി അറിയുന്നവരാകാം കവർച്ചയ്ക്ക് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.