കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ സ്കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉടൻ ആരംഭിക്കും. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് ഉടൻ തന്നെ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്തെ സ്കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. കേരളത്തിൽ ആദ്യത്തെ സ്കിൻ ബാങ്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നത്.
2022 ലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് യൂണിറ്റ് നിലവിൽ വന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 578 രോഗികളാണ് ഈ വിഭാഗത്തില്‍ ചികിത്സ നേടിയത്. 262 സങ്കീര്‍ണ ശസ്ത്രക്രിയകളാണ് നടന്നത്. ഏര്‍ളി ആന്റ് അള്‍ട്രാ ഏര്‍ളി എക്സിഷന്‍ ആന്റ് ഗ്രാഫ്റ്റിംഗ്, എസ്ചാറോട്ടമി മുതലായ സര്‍ജറികള്‍ ഇവിടെ നടത്തി വരുന്നു.
ഗുരുതരമായി പൊള്ളലേറ്റവരുടെ മരണസംഖ്യ ആഗോള തലത്തില്‍ തന്നെ വലുതാണ്. അതേസമയം അനേകം രോഗികളെ രക്ഷിച്ചെടുക്കാന്‍ ഈ ബേണ്‍സ് യൂണിറ്റിന് സാധിച്ചിട്ടുണ്ട് . 2024ലെ മരണ നിരക്ക് 26 ശതമാനം മാത്രമാണെന്നുള്ളത് ഈ വിഭാഗത്തിലെ ചികിത്സയുടെ ഗുണമേന്മയാണ് കാണിക്കുന്നത്. 40 ശതമാനം വരെയുള്ള ആഴത്തിലുള്ള പൊള്ളലുകളും 70 ശതമാനം വരെയുള്ള ആഴം കുറഞ്ഞ പൊള്ളലുകളുമുള്ള നിരവധി രോഗികള്‍ക്ക് ഭേദമായിട്ടുണ്ട്.