കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം തള്ളി ജസ്റ്റിന് ട്രൂഡോ. ട്രംപിന്റെ അഭിപ്രായപ്രകടനം ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. പ്രസിന്റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് ട്രൂഡോയുടെ പ്രതികരണം.
കനേഡിയന്‍ പൗരന്മാര്ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. തങ്ങള്‍ അമേരിക്കക്കാരല്ലയെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് ട്രൂഡോയുടെ പ്രതികരണം. ഒട്ടാവ അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ എല്ലാ കനേഡിയന്‍ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തണമെന്ന് ട്രംപ് അടുത്തിടെ നിര്‍ദ്ദേശിച്ചു, എന്നാല്‍ ഈ നീക്കം രണ്ട് സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്ന് ട്രൂഡോ മുന്നറിയിപ്പ് നല്കി.
താരിഫുകള്‍ നടപ്പാക്കിയാല്‍ വില വര്‍ധിച്ചതിന്റെ ആഘാതം യുഎസ് ഉപഭോക്താക്കള്‍ വഹിക്കുമെന്ന് ട്രൂഡോ പറഞ്ഞു. എണ്ണ, വാതകം, വൈദ്യുതി, സ്റ്റീല്‍, അലുമിനിയം, തടി, കോണ്‍ക്രീറ്റ് എന്നിവയും കാനഡയില്‍ നിന്ന് അമേരിക്കന്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ഇനങ്ങള്‍ക്കും ഈ താരിഫുകളില്‍ മുന്നോട്ട് പോയാല്‍ കൂടുതല്‍ ചെലവേറിയതാകുമെന്ന് ട്രൂഡോ കൂട്ടിച്ചേര്‍ത്തു.