കൊച്ചി : വനിതാ സിനിമ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള നിർമാതാക്കൾക്കെതിരെ കേസ്. വനിതാ നിര്‍മാതാവിനോട് മോശമായിപെരുമാറിയെന്നാണ് പരാതി. ആന്റോ ജോസഫ്, ബി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിങ്ങനെ 10 പേർക്കെതിരെയാണ് കേസ്.
തന്റെ സിനിമയുടെ ഡിസ്ട്രിബ്യൂഷനുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ജൂൺ 25ന് നടന്ന യോഗത്തിനിടെയായിരുന്നു സംഭവമെന്ന് വനിതാ നിർമാതാവ് പരാതിയിൽ പറയുന്നു. മോശമായി പെരുമാറി, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് നിർമാതാവ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷണം നടത്തുന്നത്. കേസെടുത്തതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികൾ മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.