ന്യൂഡല്‍ഹി: കോളേജുകളിലെ ജാതിവിവേചനം ഗുരുതരമായ പ്രശ്നമാണെന്നും അവ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി. ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജല്‍ ഭുയനും അടങ്ങിയ ബെഞ്ചാണ് സുപ്രധാന പരാമര്‍ശം നടത്തിയത്. ജാതിവിവേചനം നേരിട്ടത് മൂലം ഹൈദരാബാദില്‍ ആത്മഹത്യാ ചെയ്ത രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടര്‍ പായല്‍ തദ്വിയുടെയും അമ്മമാര്‍ നല്കിയ ഹര്‍ജികളിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
യുജിസിയോട് എല്ലാ കോളേജുകളിലും ജാതിവിവേചനം ഇല്ലാതെയാക്കാന്‍ നിയമവിജ്ഞാപനം ഇറക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. കോളേജുകളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം ജാതിവിവേചനങ്ങളുടെ പരാതികള്‍ പരസ്യമാക്കാനും, വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായവും ബെഞ്ച് ആരാഞ്ഞിട്ടുണ്ട്. വിഷയത്തില്‍ തങ്ങള്‍ ഇടപെടാന്‍ തയ്യാറെന്നും കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും ഈ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.