ഇംഫാൽ: കലാപബാധിത മണിപ്പുരിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തി സുപ്രധാന നീക്കവുമായി കേന്ദ്രം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങ് രാജിവച്ച് ദിവസങ്ങൾക്കകമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
ബിരേൻ സിങ് രാജിവച്ച ശേഷം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപെടുത്താൻ ആലോചനയുണ്ടായിരുന്നു. മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്.