കാലവര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വെള്ളിയാഴ്ച തുറക്കും. എടക്കല്‍ഗുഹ, പഴശ്ശി പാര്‍ക്ക്, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് എന്നിവയാണ് തുറക്കുക. ഇതോടെ ജില്ലയില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ടൂറിസംകേന്ദ്രങ്ങള്‍ ഒന്‍പതായി.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെത്തുടര്‍ന്ന് ജൂലായ് 30-നാണ് എടക്കല്‍ഗുഹ അടച്ചത്. ഓഗസ്റ്റ് ഒന്‍പതിന് അമ്പുകുത്തിമലയില്നിന്ന് വലിയ ശബ്ദംകേട്ടതിനെത്തുടര്ന്ന് ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു. ഭൂചലനത്തിനുസമാനമായ ശബ്ദമാണെന്ന് വാര്‍ത്തകള്‍ പരന്നതോടെ ജില്ലയിലെ ടൂറിസ്റ്റുകേന്ദ്രങ്ങള്‍ തുറക്കാന്‍ വൈകി.
ഭൂചലനത്തിന്റെ സാധ്യത ഭൗമശാസ്ത്രവിദഗ്ധര്‍ തള്ളിയതോടെയാണ് ടൂറിസ്റ്റുകേന്ദ്രങ്ങളും പ്രവര്ത്തിക്കാന്തുടങ്ങിയത്. എടക്കല്‍ഗുഹ സുരക്ഷിതമാണെന്നും സന്ദര്ശകസൗഹൃദമാണെന്നും സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയിരുന്നു. ഗുഹയിലേക്ക് സന്ദര്ശകരെത്തുന്നതിനു മുന്നോടിയായി ഇവിടേക്കുള്ള പാത നവീകരിക്കുകയും പരിസരം ശുചീകരിക്കുകയും ചെയ്തിരുന്നു.