തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സ്വദേശ് ദര്ശന് 2.0 സ്കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്. ഒന്നാം ഗഡുവായി 10 ശതമാനം അനുവദിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര മോണിറ്ററിംഗ് കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം ഓരോ പദ്ധതിയുടെയും ആകെ ചെലവിന്റെ 10 ശതമാനം അനുവദിച്ചു. ഇതിന്‍പ്രകാരം ആലപ്പുഴ പദ്ധതിക്ക് 9.31 കോടി രൂപയും മലമ്പുഴ പദ്ധതിക്ക് 7.87 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ എന്ന പദ്ധതിക്ക് 9317.17 ലക്ഷം രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 7,587.43 ലക്ഷം രൂപയുമാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴയിലെയും മലമ്പുഴയിലെയും പുതിയ ടൂറിസം പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി കേരള ടൂറിസത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആലപ്പുഴയിലെ ജലാശയങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന പദ്ധതി തെക്കന്‍ കേരളത്തിലെ പുതിയ ടൂറിസം ആകര്‍ഷണകേന്ദ്രമാകും എന്ന കാര്യത്തില്‍ സംശയമില്ല.
വടക്കന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ മലമ്പുഴയുടെ ആകര്‍ഷണീയത ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഉയരും. മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഈ മാസം ആദ്യം തലസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് ഈ വിഷയങ്ങള്‍ സംസാരിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ ജലാശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിയില്‍ ബീച്ച് ഫ്രണ്ട് വികസനം, കനാല്‍ പരിസര വികസനം, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍, സാംസ്കാരിക-സാമൂഹ്യ പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
തീം പാര്‍ക്കുകള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ലാന്‍ഡ്സ്കേപ്പിംഗ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, സുസ്ഥിര മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവയുടെ വികസനമാണ് മലമ്പുഴയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.