ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ഇടത്തരക്കാർക്കും പിന്നോക്ക വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകുമെന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിലെ പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും മോദിയുടെയും വാക്കുകൾ ഈ സൂചനകൾ നൽകുന്നു. രാഷ്ട്രപതി പ്രസംഗത്തിൽ 8 തവണയാണ് ‘മിഡിൽ ക്ലാസ്’ എന്ന പദം ഉപയോഗിച്ചത്. ഇടത്തരക്കാർക്ക് ഐശ്വര്യം ഉണ്ടാകട്ടെ എന്നാണ് നരേന്ദ്രമോദി ആശംസിച്ചത്.
എന്നാൽ കേരളം 24000 കോടി രൂപയുടെ പാക്കേജ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എത്രകണ്ട് ഫലപ്രദമാകും എന്ന് തീർച്ചയില്ല. 14 ഓളം വരുന്ന ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തിന് മുന്നിൽ വച്ചിട്ടുള്ളത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പാക്കേജിലേക്ക് കേന്ദ്ര സഹായം കിട്ടുമെന്ന പ്രതീക്ഷയും കേരളം മുന്നോട്ടുവയ്ക്കുന്നു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായി 24000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടു, അതോടൊപ്പം വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം, കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണം,
പ്രവാസികൾക്ക് വേണ്ടത്ര പരിഗണന, കാലപ്പഴക്കം ചെന്ന പഴയ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വേണ്ടിയുള്ള ധനസഹായം, റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ, നെല്ല് സംവരണ മേഖലയിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ആവശ്യങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരത്തിന് വേണ്ട സഹായങ്ങൾ, ആരോഗ്യ മേഖല, പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനായുള്ള ധനസഹായം, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ആവശ്യങ്ങൾ കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ഇത് എത്ര കണ്ട് കേന്ദ്രം പരിഗണിക്കുമെന്ന് കാത്തിരുന്ന് കാണാം.