മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വന്നിരിക്കുകയാണ് ചന്ദ്രിക ദിനപത്രം. പാണക്കാട് തങ്ങളെ തൊട്ടതിന്റെ ചൂടിലാണ് ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മുസ്ലിംലീഗ് മുഖപത്രം മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ ബന്ധമാണെന്നും, പൂരം കലക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ നടപടിയുണ്ടാവാത്തത് ഈ സംഘപരിവാര്‍ ബന്ധം മൂലമാണെന്നുമാണ് ചന്ദ്രികയുടെ ആരോപണം. കഴിഞ്ഞ ദിവസം പാലക്കാട് തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി കടന്നാക്രമിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഇപ്പോള്‍ ചന്ദ്രികയുടെ മുഖപ്രസംഗം.

ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്നലെ കൊടപ്പനക്കുന്നിലെ പാണക്കാട് ഭവനം സന്ദര്ശിക്കാനെത്തിയതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുസ്ലിംലീഗ് നേതാക്കളെ വിമര്‍ശിക്കാറുണ്ടെങ്കിലും പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്ന പതിവ് സാധാരണ സി പി ഐ എം നേതാക്കള്‍ കൈക്കൊള്ളാറില്ല. ഇതാണ് ലീഗിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് സംഘപരിവാറിന്റെ നിലപാടാണെന്നാണ് ചന്ദ്രിക മുഖപ്രസംഗത്തില്‍ ആരോപിക്കുന്നത്. പഴയ തങ്ങളെപ്പോലെയല്ല പുതിയ തങ്ങളെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയുടെ നേതാവിനെപ്പോലെയാണ് സാദിഖലിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം. ഇതിനെതിരെ ലീഗ് നേതാവ് കെ എന്‍ ഷാജിയും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരണവുമായി രംഗത്തുവന്നിരുന്നു.
കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടിൽ: കെ.സുരേന്ദ്രൻ
തീവ്രഹിന്ദുത്വ നിലപാട് സ്വീകരിച്ച സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നതില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിയോജിപ്പുണ്ടെന്ന നിഗമനത്തിലാണ് സി പി ഐ എം. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ നിഗമനം.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇതേ നിലപാടാണ് ലീഗ് സ്വീകരിച്ചിരുന്നതെന്നും, എന്നാല്‍ അന്നത്തെ തങ്ങളെപ്പോലെയല്ല ഇപ്പോഴത്തെ തങ്ങളെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചിരുന്നത്. ന്യൂനപക്ഷത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന സന്ദീപ് വാര്യരെ യു ഡി എഫില്‍ എത്തിച്ചത് വര്‍ഗീയ നിലപാടിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം.
സന്തോഷ് കുറുവ സംഘത്തിലെ അംഗം കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം
പാണക്കാട് തങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കം ഭൂരിപക്ഷ വര്‍ഗീയതയെ സി പി ഐ എം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
ചന്ദ്രിക മുഖപ്രസംഗം
സാമുദായിക സൗഹാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളക്കര വിളിച്ച പാണക്കാട് തങ്ങള്‍മാരുടെ യോഗ്യത അളക്കാനുള്ള പിണറായി വിജയന്റെ ശ്രമം അദ്ദേഹവും സി പി ഐ എമ്മും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂ…
കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും വര്‍ഗീയ ധ്രുവീകരണത്തിനും സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നീക്കങ്ങളാണ് ഇടതുസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

തൃശ്ശൂര്‍പൂരം കലങ്ങിയതിലും ആര് എസ് എസ് ബന്ധത്തിന്റെ പേരില്‍ സംശയനിഴലില്‍ നില്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതുമെല്ലാം ഈ സഹായഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞു നില്‍ക്കുന്നത്.
ബി ജെ പിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്ന സന്ദീപ് വാര്യര്‍ നിബന്ധനകളില്ലാതെ മതേതരരപക്ഷത്തേക്ക് കടന്നുവരികയും കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്‍വാദം വാങ്ങുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാക്കുന്നുവെങ്കില് അത് സംഘപരിവാര്‍ ബാന്ധവത്തിന്റെ അനുരണമല്ലാതെ മറ്റെന്താണ്.
പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട എന്ന തലക്കെട്ടില്‍ ആരംഭിക്കുന്ന മുഖപ്രസംഗം, പറഞ്ഞുറപ്പിച്ചുപോയ ധാരണകള്‍ക്കുവേണ്ടി മുഖ്യമന്ത്രിക്ക് മനഃസാക്ഷിയെതന്നെ പണയപ്പെടുത്തേണ്ടി വരുന്നുണ്ടാകാം. എന്നാല്‍ ഈ നാടിന്റെ അസ്ഥിവാരമളക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടിയുണ്ടാകരുതെന്ന് മാത്രമേ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്താനുള്ളൂ എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.