സംസ്ഥാന ബിജെപിയിൽ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടൻ നിയമിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെടുന്നത് വനിതാ നേതാവ് കൂടിയായ ശോഭ സുരേന്ദ്രനെ ആണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം ശോഭ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവും കൂടിയായ അമിത്ഷായുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ശോഭയെ പരിഗണിക്കുന്നതിന്റെ തെളിവായി പലരും ഉയർത്തിക്കാട്ടുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ അന്തിമഘട്ടത്തിൽ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമായിരുന്നു കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകുന്നത്. ആ തീരുമാനം ആകട്ടെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്തു. കൃഷ്ണകുമാറിന് പകരം ശോഭാസുരേന്ദ്രൻ ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ബിജെപിക്ക് പാലക്കാട് അട്ടിമറി വിജയം സുനിശ്ചിതമായിരുന്നു.
മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലായിരുന്നു മത്സരം. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിൽ എതിരാളികളെ ഞെട്ടിച്ചു. വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്ന് 28.3 ശതമാനമായി.
അതേസമയം ബിജെപി നേതൃത്വവുമായി വർഷങ്ങളായി ശോഭ അത്ര രസത്തിൽ ആയിരുന്നില്ല. 2020ൽ കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ശോഭ. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയോട് അകലം പാലിച്ച് മാറി നിൽക്കുകയായിരുന്നു ശോഭ. പിന്നീട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് വീണ്ടും അവരെ കോർ കമ്മിറ്റിയിലേക്ക് എത്തിച്ചത്. ഇപ്പോൾ നാല് വർഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പക്ഷേ കടുത്ത വിഭാഗീയത നിലനിൽക്കുമ്പോഴും ബിജെപിയെ തള്ളിപ്പറയുവാൻ ശോഭാസുരേന്ദ്രൻ തയ്യാറായിട്ടില്ല. പല വിവാദങ്ങളും ഉയർന്നു വന്നപ്പോഴും തന്റെ ചെലവിൽ ബിജെപിയെ തകർക്കുവാൻ അനുവദിക്കില്ല എന്ന മറുപടിയായിരുന്നു അവർ നൽകിയത്. അതായത് പറയുവാനുള്ളത് കൃത്യമായി പാർട്ടിയുടെ വേദികളിൽ തുറന്നടിക്കുന്ന സമീപനമായിരുന്നു അവരുടേത്. ഇതെല്ലം ശോഭയ്ക്ക് അനുകൂല ഘടകങ്ങളാണ്.
ശോഭയ്ക്ക് പുറമെ രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡൻ്റാകുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രാജീവ് ചന്ദ്രശേഖറുടെ അഭിപ്രായം തേടി. കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതിൽ അനുകൂല നിലപാടല്ല രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. കേരളത്തിൽ സ്ഥിരമായി തുടരേണ്ടി വരുമെന്നതാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിൽ നിന്നും രാജീവ് ചന്ദ്രശേഖർ പിൻവലിയാനുള്ള പ്രധാനകാരണം. കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസവും താഴെതട്ടിലെ നേതാക്കളുമായി അടുപ്പമില്ലാത്തതും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാണിച്ചതായാണ് വിവരം.
കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരിഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും സമീപകാലത്ത് മറ്റുപാർട്ടികളിൽ നിന്നും ആളുകൾ ബിജെപിയിലേയ്ക്ക് എത്തുന്നതും പരിഗണിച്ചാണ് നേതൃമാറ്റം കേരളത്തിൽ അനിവാര്യമാണ് എന്ന നിലപാടിലേയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം എത്തിയിരിക്കുന്നത്.