ബോക്സ്ഓഫീസില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് വിക്കി കൗശലിന്റെ ബോളിവുഡ് ചിത്രം ‘ഛാവ’. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം ആഗോളതലത്തില്‍ നേടിയത് 343 കോടിയാണ്. ‘ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന ചിത്രത്തിന്റെ ആഗോള കളക്ഷനെയും കടത്തിവെട്ടിയാണ് ഛാവ ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടി മുന്നോട്ട് കുതിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി റിലീസ് ചെയ്ത എട്ടാം ദിനം കൊണ്ട് ഛാവ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷന്‍ 249 കോടിയാണ്. അതേസമയം ഉറിയുടേത് 244 കോടി മാത്രമായിരുന്നു. ഛാവയ്ക്ക് ആഗോളതലത്തിലും നല്ല രീതിയിലുള്ള കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ 343 കോടിയാണ് ഛാവ ഇതുവരെ നേടിയത്.
വിക്കി കൗശലിന്റെ കരിയറില്‍ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രം കൂടിയാണ് ഛാവ. റിലീസ് ചെയ്ത മൂന്നാഴ്ചയക്കുള്ളില് തന്നെ ചിത്രം 500 കോടി കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തൽ.ഛാവ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഇതിഹാസ മറാഠയോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിക്കുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയൻ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ലക്ഷ്മണ് ഉത്തേകറാണ്.