രാജേഷ് തില്ലങ്കേരി
മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം വേണ്ടെന്ന കര്‍ശന നിലപാട് സ്വീകരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം.തോമസ് ചാഴികാടന് ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ജോസ് കെ മാണി നിലപാടിനെതിരെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.മുന്‍ എം പിയും കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന തോമസ് ചാഴികാടന് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയതോടെ ചാഴികാടന് പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന സന്ദേശമാണ് ചെയര്മാന് നല്‍കിയത്.

ചാഴികാടന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്തു പോവുകയാണെങ്കില്‍ പോയ്ക്കോട്ടെ എന്ന നിലപാടിലാണ് ജോസ് കെ മാണി. കോട്ടയത്ത് തോറ്റെങ്കിലും രാജ്യസഭാ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തുവരേണ്ടതില്ലെന്നാണ് ജോസ് കെ മാണി നേതാക്കളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നത്.

മുഖ്യമന്ത്രിയോടുളള ചാഴിക്കാടന്റെ ആരോപണം എല്‍ ഡി എഫില്‍ ഉന്നയിക്കില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഇതോടെ തോമസ് ചാഴികാടന് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കെന്ന സന്ദേശമാണ് നല്‍കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള നീക്കമാണ് ചാഴികാടന് നടത്തുന്നത്. ചാഴികാടനെ കൂടെക്കൂട്ടാനുള്ള നീക്കത്തിലാണ് ജോസഫ് ഗ്രൂപ്പും. കേരളാ കോണ്‍ഗ്രസ് എമ്മിലെ ഏറ്റവും വിശ്വസ്ഥനായ നേതാവായാണ് ചാഴികാടന് അറിയപ്പെടുന്നത്. കെ എം മാണിയുമായുണ്ടായിരുന്ന നല്ല ബന്ധമാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ചാഴികാടനെ ജോസ് പക്ഷത്ത് ഉറച്ചുനില്ക്കാന് പ്രേരിപ്പിച്ചത്.

സി പി എമ്മിനെ ഭയന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുതിര്‍ന്ന നേതാവായ ചാഴികാടനെ തള്ളിക്കളയാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാര്ത്ഥിയായിരുന്നിട്ടുപോലും സി പി എം വോട്ട് തനിക്ക് ലഭിച്ചില്ലെന്ന ചാഴികാടന്റെ ആരോപണം എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ചാഴികാടനെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ചാഴികാടന്റെ നീക്കം മന്ത്രി വി എന്‍ വാസവനെ ലക്ഷ്യമിട്ടാണെന്നത് ജോസ് കെ മാണിക്ക് വ്യക്തമാണ്. ജോസ് കെ മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സി പി എം നേതാവാണ് വി എന്‍ വാസവന്. അതിനാല്‍ വാസവനെ പിണക്കുന്ന ഒരു നീക്കത്തെയും പിന്തുണയ്ക്കേണ്ടെന്ന നിലപാടിലാണ് ജോസ് കെ മാണി.

ഇരു കേരളാ കോണ്‍ഗ്രസുകള്‍ക്കും നിര്‍ണായക വോട്ട് ഷെയറുളള മണ്ഡലമാണ് ഏറ്റുമാനൂര്‍. ആ ഏറ്റുമാനൂര്‍ സീറ്റില്‍ വിജയിക്കാന്‍ വി എന്‍ വാസവന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് നിര്‍ണായകമായിരുന്നു.പാലായില്‍ ഇടത് ടിക്കറ്റില്‍ ആദ്യമായി മത്സരിച്ച ജോസ് കെ മാണി തോറ്റുപോയതോടെയാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ പ്രതിസന്ധിയുടലെടുത്തത്. പാലായില്‍ നിന്നും വിജയിച്ച് മന്ത്രിയാവാനായി ഇടതുമുന്നണിയിലേക്കു ചേക്കേറിയ ജോസ് കെ മാണിക്ക് രാഷ്ട്രീയത്തില്‍ ഉണ്ടായ വലിയ തിരിച്ചടിയായിരുന്നു പാലായില്‍ മാണി സി കാപ്പനോട് തോറ്റത്.

പാലായില്‍ പരമ്പരാഗതമായി ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചുവന്ന സി പി എം വോട്ടുകള്‍ ജോസ് കെ മാണിക്ക് ലഭിച്ചില്ലെന്നായിരുന്നു ആരോപണം.എന്നാല്‍ ഏറ്റുമാനൂരില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന വി എന്‍ വാസവന് ലഭിച്ചു.വാസവന് വിജയിക്കാനുള്ള വഴിതുറന്നത് കേരളാ കോണ്‍ഗ്രസ് എമ്മാണെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ പാലായില്‍ തിരിച്ച് സി പി എം സഹായിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളൊന്നും മുന്നണിയില്‍ ചര്‍ച്ച നടത്തിയില്ല.ഇതാണ് കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉയര്‍ന്നിരുന്നത്.എന്നാല്‍ ഇതൊന്നും മുന്നണിയില്‍ ഉയര്‍ത്താന്‍ ജോസ് കെ മാണിക്ക് താല്പര്യമുണ്ടായിരുന്നില്ല.പാലായില്‍ വിജയിച്ചു കയറാനുള്ള സാധ്യത ഇപ്പോഴും ഇല്ലെന്ന് വ്യക്തമായി അറിയാവുന്ന ജോസ് കെ മാണി സി പി എമ്മിനോട് ഏറ്റുമുട്ടി കൈയ്യിലുള്ളതും കളയേണ്ടെന്ന നിലപാടിലാണ്.

കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും തോമസ് ചാഴികാടന് പുറത്തുപോയാല്‍ അത് കോട്ടയത്തെ പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുമെന്ന് ഭയപ്പെടുന്ന നേതാക്കള്‍ ചാഴികാടനെ കേള്‍ക്കണമെന്ന് ജോസ് കെ മാണിയോട് ആവശ്യപ്പെട്ടെങ്കിലും അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് ജോസ് കെ മാണിയുടേത്.കോട്ടയത്ത് കേരളാ കോണ്‍ഗ്രസിനേറ്റ പരാജയം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിരിക്കുന്നത്.ഫ്രാന്‍സിസ് ജോര്‍ജിന്റെ തിളക്കമാര്‍ന്ന വിജയം ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കിയതായും കേരളാ കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നുണ്ട്.

ചാഴികാടനെപ്പോലുള്ള നേതാക്കളെ തള്ളിക്കളയുന്നത് ജോസ് കെ മാണിയുടെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു ഗുണം ചെയ്യുമെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിഗമനം.രാഷ്ട്രീയ ഭേദമന്യേ ഏവര്‍ക്കും സ്വീകാര്യനായ തോമസ് ചാഴികാടനെപ്പോലുള്ള നേതാക്കള്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ നിന്നും വിടപറയുന്നത് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കാന്‍ പോവുന്നത്.

ചാഴികാടനെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പു നേതാക്കള്‍ ബന്ധപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.അസംതൃപ്തരായി കഴിയുന്ന മറ്റുചില നേതാക്കളുമായും ജോസഫ് വിഭാഗം നേതാക്കള്‍ ആശയവിനിമയം നടത്തുന്നുണ്ട്.ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും കൂട്ടത്തോടെ നിരവധി പ്രവര്‍ത്തകരും നേതാക്കളും വരും ദിവസങ്ങളില്‍ ജോസഫ് ഗ്രൂപ്പിലേക്ക് എത്താനുള്ള സാധ്യതയും ഏറെയാണ്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്മാന് മോന്‍സ് ജോസഫ് ചില നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയും ഈ നീക്കത്തിന്റെ ഭാഗമായാണ് ചിലര്‍ കരുതുന്നത്.