എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതു ജയന് കുറ്റം സമ്മതിച്ചു. ജിതിനെ മാത്രം ആക്രമിക്കാനാണ് ലക്ഷ്യം വെച്ചതെന്നും എന്നാൽ തടയാൻ ശ്രമിച്ചപ്പോഴാണ് കുടുംബത്തിലെ മറ്റ് അംഗങ്ങളായ വേണുവിനെയും ഉഷയെയും ആക്രമിച്ചതെന്നും വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നും പ്രതി ഋതു മൊഴി നല്കി. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ , മകൾ വിനീഷ എന്നിവരാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് മരണപ്പെട്ടത്.
സംഭവത്തിൽ വിനീഷയുടെ ഭർത്താവായ ജിതിനും പരുക്കേറ്റിരുന്നു . ഗുരുതരമായി പരുക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഋതു ലഹരിക്ക് അടിമയാണെന്നും ഇയാൾ അയൽക്കാരുമായി നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൂടാതെ ഋതുവിനെതിരെ മോഷണ കേസ് അടക്കം നാലു കേസുകളുണ്ടെന്നാണ് വിവരം. അതേസമയം ആക്രമണത്തില്‍ മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും