മിഥുൻ നാഥ്
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ നഷ്ടപരിഹാരം നല്കി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടീകോമിന് നഷ്ടപരിഹാരം കൊടുക്കുന്നത് അഴിമതിയാണെന്നും തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്മാര്‍ട്ട് സിറ്റി പാട്ടക്കരാറിലെ വ്യവസ്ഥ മുഴുവന്‍ ടീകോം ലംഘിച്ചു. അതിനാല്‍ അടിയന്തരമായി 206 ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കണം. അതിന് നിയമതടസമില്ല. ഏറ്റെടുക്കുന്ന ഭൂമി എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. നൂറ് കണക്കിന് വ്യവസായ സംരംഭകര്‍ ഭൂമിക്കായി കാത്ത് നില്‍ക്കുകയാണ്. വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ച ടീകോമിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു.
ടീകോമിന് നഷ്ടപരിഹാരം കൊടുക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കണം. 13 വര്‍ഷമായി ടീകോം യാതൊരു നിര്‍മാണപ്രവര്‍ത്തനവും നടത്തിയിട്ടില്ല. 90,000 പേര്‍ക്ക് ജോലികൊടുക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ചു.
ടീകോമിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചയാളാണ് ബാജു ജോര്‍ജ്. അദ്ദേഹത്തെ ടീകോമിന് നഷ്ടപരിഹാരം കൊടുക്കാനുള്ള കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് വലിയ ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.