മുംബൈ: ഛത്രപതി സംഭാജിനഗറിലെ മുഗൾ രാജാവ് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനെ എല്ലാവരും അനുകൂലിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . എന്നാൽ കോൺഗ്രസ് സർക്കാർ മുമ്പ് ആ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിന് കീഴിലാക്കിയതിനാൽ നിയമപരമായ തടസ്സങ്ങൾ നിലവിലുണ്ട്.
ഛത്രപതി സംഭാജി നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ബിജെപിയുടെ സത്താറ എംപി ഉദയ രാജെ ഭോസ്ലെയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ദേവേന്ദ്ര ഫഡ്നാവിസ് ഈ കാര്യം പറഞ്ഞത്.
എന്നാൽ ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ട് സമാജ്വാദി പാര്‍ട്ടിയുടെ അബു അസ്മി വിവാദം സൃഷ്ടിച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് ഇത്. ഔറംഗസേബിനെ പിന്തുണച്ചുള്ള ഈ പ്രസ്താവനകളെ തുടർന്ന്, മാർച്ച് 26 ന് ബജറ്റ് സമ്മേളനം അവസാനിക്കുന്നതുവരെ മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് അസ്മിയെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. മാത്രമല്ല ബിജെപി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ നവനീത് റാണയും ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.