ജമ്മുകശ്മീരിന്റെ കേന്ദ്രഭരണ പദവി താത്കാലികം മാത്രമെന്നും സംസ്ഥാന പദവി എത്രയും പെട്ടെന്ന് തിരികെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറില്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള. അടുത്തിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഉള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി സംബന്ധിച്ച ഉറപ്പ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി
ജമ്മുകശ്മീരിലെ നിലവിലെ സംവിധാനത്തില്‍ ചിലര്‍ പഴുതുകള്‍ കണ്ടെത്തുകയും അത് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ ഈ സംവിധാനം താത്കാലികം മാത്രമാണെന്ന ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന പദവി തിരിച്ച് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പഴുതുകള്‍ ഉണ്ടാകില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.
നവംബറിലെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഈ മാസം 24 നാണ് ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 16 ന് ജമ്മു കശ്മീര്‍ മന്ത്രി സഭ പാസാക്കിയ പ്രമേയം ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറി.